പ്രവാസികള്‍ക്ക് നിര്‍ബന്ധ കൊവിഡ് പരിശോധന: സ്വന്തം ജനതയോടുള്ള വഞ്ചന അവസാനിപ്പിക്കണം- തുളസീധരന്‍ പള്ളിക്കല്‍
മൂന്നുമാസത്തിലധികമായി തൊഴിലും വരുമാനവുമില്ലാതെ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന പ്രവാസികളെ ഇനിയും ദ്രോഹിക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണം.
തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ അനുമതി ലഭിക്കുന്നതിന് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന മന്ത്രിസഭാ തീരുമാനം സ്വന്തം ജനതയോടുള്ള വഞ്ചനയാണെന്നും ഉടന്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ഈ ആവശ്യമുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 20 മന്ത്രിമന്ദിരങ്ങളിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നുമാസത്തിലധികമായി തൊഴിലും വരുമാനവുമില്ലാതെ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന പ്രവാസികളെ ഇനിയും ദ്രോഹിക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണം. പ്രവാസികള്‍ മരണഭീതിയിലാണ് ഓരോ ദിനരാത്രങ്ങളും തള്ളിനീക്കുന്നത്. അവരെ നാട്ടിലെത്തിക്കാനുള്ള അടിയന്തര തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. അതിനു സര്‍ക്കാര്‍ തയ്യാറാവാത്തപക്ഷം പ്രവാസി കുടുംബങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സെക്രട്ടേറിയറ്റിനു സമീപം ട്രിവാന്‍ഡ്രം ഹോട്ടലിനു മുമ്പില്‍നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റാച്യൂവിനു സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ്, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല എന്നിവരും സംബന്ധിച്ചു.