ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മതകാര്യ പോലിസിനെ പിരിച്ചുവിട്ട് ഇറാന്‍

Update: 2022-12-04 15:30 GMT

തെഹ്‌റാന്‍: രാജ്യമെമ്പാടും കത്തിപ്പടര്‍ന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മതകാര്യ പോലിസ് സേനയെ ഇറാന്‍ ഭരണകൂടം പിരിച്ചുവിട്ടു. ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊന്റസേരിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. മതകാര്യ പോലിസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയാണ് മൊന്റസേരി ഈ തീരുമാനം അറിയിച്ചത്. എന്നാല്‍, സദാചാരം ഉറപ്പാക്കാന്‍ നിയോഗിച്ചിട്ടുള്ള പട്രോളിങ് യൂനിറ്റുകള്‍ റദ്ദാക്കിയതായോ വസ്ത്രധാരണ നിയമങ്ങളില്‍ ഇളവ് വരുത്തിയതായോ അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലിസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി (22) എന്ന യുവതിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ടുമാസമായി കടുത്ത പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. ഹിജാബ് നിയമം സംബന്ധിച്ച് പാര്‍ലമെന്റും പരമോന്നത ആത്മീയ നേതൃത്വവും ചര്‍ച്ച നടത്തുകയാണെന്നും രണ്ടാഴ്ചയ്ക്കുളളില്‍ ഇതുസംബന്ധിച്ച് തീരുമാനം വരുമെന്നും ഇറാന്‍ അറ്റോര്‍ണി ജനറല്‍ റിയിച്ചു.

അമിനി കസ്റ്റഡി മര്‍ദ്ദനത്തിന്റെ ഇരയാണെന്ന് ആരോപിച്ച പ്രതിഷേധക്കാര്‍, രാജ്യത്തെ കരിനിയമങ്ങള്‍ക്കെതിരേ കൂറ്റന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെയാണ് ഇറാന്‍ മതകാര്യ പോലിസ് മഹ്‌സയെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് സപ്തംബര്‍ 16ന് കസ്റ്റഡിയിലിരിക്കെ മഹ്‌സ കൊല്ലപ്പെട്ടു.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനാണ് പിന്നീട് തുടക്കം കുറിച്ചത്. മഹ്‌സയുടെ സ്വദേശമായ കുര്‍ദ് മേഖലയില്‍ തുടക്കമിട്ട പ്രതിഷേധം രാജ്യതലസ്ഥാനമായ തെഹ്‌റാന്‍ അടക്കം 150ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. മതശാസനം പരസ്യമായി ലംഘിച്ച് തെരുവിലിറങ്ങിയ സ്ത്രീകള്‍ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു. പ്രതീകാത്മകമായി മുടി മുറിച്ചു. പ്രക്ഷോഭക്കാരെ സുരക്ഷാസേന നേരിടുന്നതിനിടെ കുട്ടികളുള്‍പ്പടെ 378 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News