ഇനി ചാട്ടവാറടിയില്ല; നിയമ പരിഷ്‌ക്കരണവുമായി സൗദി അറേബ്യ

സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും(എംബിഎസ്) മുന്നോട്ടുവച്ച പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഈ മനുഷ്യാവകാശ മുന്നേറ്റമെന്ന് കോടതി വ്യക്തമാക്കി.

Update: 2020-04-25 17:09 GMT

ദമ്മാം: ശിക്ഷാ രൂപമെന്ന നിലയിലുള്ള ചാട്ടവാറടി സൗദി അറേബ്യ നിര്‍ത്തലാക്കിയതായി രാജ്യത്തെ പരമോന്നത കോടതി.സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും(എംബിഎസ്) മുന്നോട്ടുവച്ച പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഈ മനുഷ്യാവകാശ മുന്നേറ്റമെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് പ്രതികള്‍ക്കെതിരേ നൂറുകണക്കിന് ചാട്ടവാറടികള്‍ വരെ കോടതി വിധിക്കാറുണ്ട്.

മനുഷ്യാവകാശ സംഘടനകള്‍ ഏറെക്കാലമായി നിയമ പരിഷ്‌ക്കാരം ആവശ്യപ്പെട്ട് വരികയാണ്. അതേസമയം, എംബിഎസിന്റെ നേതൃത്വത്തില്‍ നിരവധി നിയമപരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമ്പോഴും രാജ്യത്ത് വിമത സ്വരമയുര്‍ത്തുന്നവരെ വധശിക്ഷ ഉള്‍പ്പെടെ നല്‍കി അടിച്ചമര്‍ത്തുന്നത് തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍

ശാരീരിക ശിക്ഷയ്ക്കെതിരായ രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രാജ്യത്തെ എത്തിക്കാനാണ് ഏറ്റവും പുതിയ പരിഷ്‌കാരമെന്ന് സൗദി സുപ്രിം കോടതി പറഞ്ഞു. നേരത്തേ, വിവാഹേതര ലൈംഗികബന്ധം, സമാധാന ലംഘനം, കൊലപാതകം വരെയുള്ള കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ കോടതി ചാട്ടവാറടിക്ക് ശിക്ഷിച്ചിരുന്നു. കോടതികള്‍ക്ക് ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനം പോലുള്ള കസ്റ്റഡി ഇതര ശിക്ഷകള്‍ വിധിക്കേണ്ടിവരും.

പ്രമുഖ സൗദി ബ്ലോഗറായ റൈഫ് ബദാവിക്കെതിരേ നടപ്പാക്കിയ ചാട്ടവാറടി ശിക്ഷയില്‍ അന്താരാഷ്ട്ര ശ്രദ്ധപതിയുകയും മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

ആത്മാര്‍ത്ഥയിലാത്ത നീക്കമെന്ന് സൗദി രാഷ്ട്രീയ പ്രവര്‍ത്തക

അതേസമയം, സൗദി ഭരണകൂടം ശിക്ഷാനിമയത്തില്‍ കൊണ്ടുവന്ന മാറ്റം തീരെ ചെറുതും ആത്മാര്‍ത്ഥയില്ലാത്തതുമാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി രാഷ്ട്രീയ പ്രവര്‍ത്തകയും പ്രതിപക്ഷ നേതാവുമായ ആലിയ അബുതായ അല്‍ ജസീറയോട് പറഞ്ഞു. സൗദിയുടെ

നിയമ പരിഷ്‌കരണ നീക്കങ്ങള്‍ ഗൗരവതരമാണെങ്കില്‍ വര്‍ഷങ്ങളായി ജയിലുകളില്‍ തടവിലാക്കിയിരുന്ന രാഷ്ട്രീയ, മനുഷ്യാവകാശ തടവുകാരെയെല്ലാം വിട്ടയച്ചുകൊണ്ടാണ് അവര്‍ അതിന് തുടക്കം കുറിക്കേണ്ടതെന്ന് അവര്‍ വ്യക്തമാക്കി. ജുവനൈല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള വധശിക്ഷയും സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News