എന്‍സികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം ലഭിച്ചില്ല; ഡിസികെ, ഡിസിപി എന്നീ പേരുകള്‍ പുതിയതായി സമര്‍പ്പിച്ചുവെന്ന് മാണി സി കാപ്പന്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ജൂണ്‍ മൂന്നിന് എന്‍സികെ പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.യുഡിഎഫി ല്‍നിന്നും പാര്‍ട്ടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്‍സിപിയില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി
കൊച്ചി: എന്‍സികെ എന്ന പേരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഡിസികെ(ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള), ഡിസിപി(ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി) എന്നീ പേരുകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചതായി മാണി സി കാപ്പന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ജൂണ്‍ മൂന്നിന് എന്‍സികെ പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.
സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കമ്മിറ്റികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും സംസ്ഥാന ജില്ല നേതാക്കളെ യുഡിഎഫ് പ്രതിനിധികളായി നിശ്ചയിക്കാനും ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.ലക്ഷദ്വീപില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കും പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനുമെതിരെ വരുംനാളുകളില്‍ സംസ്ഥാന തലത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.യുഡിഎഫി ല്‍നിന്നും പാര്‍ട്ടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്‍സിപിയില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
എംഎല്‍എ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തെറ്റാണെന്നും മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തങ്ങളെ അത് ബാധിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ കടകംപള്ളി സുകു, സംസ്ഥാന നേതാക്കളായ സുള്‍ഫിക്കര്‍ മയൂരി, പ്രദീപ് പാറപ്പുറം, സലിം പി മാത്യു, സിബി തോമസ്, സാജു എം ഫിലിപ്പ്, ബാബു തോമസ്, ഏലിയാസ് പി മന്നപ്പിളളി, സുരേഷ് വേലായുധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.