മാന്ദാമംഗലം പള്ളിത്തര്‍ക്കം: കുര്‍ബാനയ്ക്ക് അനുമതിയില്ല; യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളി
കലക്ടറുടെ ഉത്തരവ് പാലിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. അതേസമയം, പള്ളി തുറന്നുകൊടുക്കരുതെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍. ഈ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നത്തിനുള്ള സാധ്യതയുള്ളതിനാലാണ് ആവശ്യം തള്ളുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. നേരത്തെ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ കലക്ടര്‍ മുന്നോട്ടുവച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചിരുന്നു.
തൃശൂര്‍: അവകാശത്തര്‍ക്കത്തിന്റെ പേരില്‍ കല്ലേറും അക്രമവുമുണ്ടായ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കലക്ടര്‍ ടി വി അനുപമ തള്ളി. കലക്ടറുടെ ഉത്തരവ് പാലിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. അതേസമയം, പള്ളി തുറന്നുകൊടുക്കരുതെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍. ഈ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നത്തിനുള്ള സാധ്യതയുള്ളതിനാലാണ് ആവശ്യം തള്ളുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. നേരത്തെ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ കലക്ടര്‍ മുന്നോട്ടുവച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചിരുന്നു.
ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതലയില്‍നിന്ന് ഒഴിയുമെന്നും ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാളെ മാത്രം കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തുകയായിരുന്നു. സംഘര്‍ഷത്തിനുശേഷം കലക്ടറുടെ നിര്‍ദേശപ്രകാരം യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ പിന്‍മാറിയതോടെ പള്ളി കഴിഞ്ഞ ദിവസം താഴിട്ടുപൂട്ടിയിരുന്നു.
ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ചുകൂട്ടിയ അനുരഞ്ജന ചര്‍ച്ചയിലാണു ജില്ലാ കലക്ടര്‍ ടി വി അനുപമ പള്ളിക്കകത്തു തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗത്തോടും പള്ളിമുറ്റത്തു കുത്തിയിരിപ്പുസമരം നടത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തോടും ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടത്. പള്ളിക്കകത്തുണ്ടായിരുന്ന യാക്കോബായ വിഭാഗം ആദ്യഘട്ടത്തില്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ലെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരുമെന്നു പോലിസ് അറിയിച്ചതോടെ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് നാലോടെ പള്ളി അടച്ചുപൂട്ടുകയായിരുന്നു.