മാന്ദാമംഗലം പള്ളിയിലെ സംഘര്‍ഷം: ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാം പ്രതി; 120 പേര്‍ക്കെതിരേ കേസ്

ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ നിരവധി വൈദികരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇതുവരെ 30 ലേറെ പേരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റുചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലിസ്.

Update: 2019-01-18 04:35 GMT

തൃശൂര്‍: അവകാശത്തര്‍ക്കം നടക്കുന്ന തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ 120 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ നിരവധി വൈദികരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇതുവരെ 30 ലേറെ പേരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റുചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലിസ്.

മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രാര്‍ത്ഥനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ബുധനാഴ്ചയാണ് പള്ളിക്ക് പുറത്ത് കുത്തിരിയിപ്പ് സമരം ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് പള്ളിയുടെ ഗേറ്റ് തകര്‍ത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം അകത്ത് കയറിയതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സമരപ്പന്തല്‍ പോലിസ് പൂര്‍ണമായും ഒഴിപ്പിച്ചു. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയൂസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഉച്ചയ്ക്ക് 12 മണിക്ക് കലക്ടറുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

കോടതി ഉത്തരവ് നടപ്പാക്കേണ്ട പോലിസിന്റെ വീഴ്ചയാണിതെന്നും കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പോലിസ് അറസ്റ്റുചെയ്യുകയായിരുന്നെന്നും യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. പള്ളിയില്‍നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റുചെയ്തു നീക്കുന്നുണ്ട്. പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പോലിസ്. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ്.

Tags:    

Similar News