ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഖത്തറും സൗദിയും ഇന്നു നേര്‍ക്കുനേര്‍
ഉപരോധം കാരണം ഖത്തറില്‍ നിന്നുള്ള കായികപ്രേമികള്‍ക്ക് യുഎഇയിലെത്തുന്നതിനു വിലക്കുള്ളതിനാല്‍ ഖത്തറിനു വേണ്ടി കൈയടിക്കാന്‍ ആളുകള്‍ കുറവായിരിക്കും.
ദോഹ: യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മല്‍സരത്തിലെ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ ഇന്ന് ഖത്തറും സൗദി അറേബ്യയും ഏറ്റുമുട്ടും. ഉപരോധം ഏര്‍പ്പെടുത്തിയതോടെ ശത്രുതയിലായ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നതിനാല്‍ അബൂദബി മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയം രാഷ്ട്രീയപോരാട്ടത്തിനു കൂടിയായാണു വേദിയാവുന്നത്. ലോക റാങ്കിങില്‍ 69ാം സ്ഥാനത്തുള്ള സൗദിക്കാണ് അനുഭവസമ്പത്ത് കൂടുതലെന്നതിനാല്‍ ജയസാധ്യതയും അവര്‍ക്കു തന്നെയാണ്. 93ാം സ്ഥാനത്തുള്ള ഖത്തറാവട്ടെ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഖത്തര്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസും സൗദി ക്യാപ്റ്റന്‍ ഒമര്‍ ഹവ്‌സാവിയും ഹസ്തദാനം ചെയ്ത് ദേശീയപതാകകള്‍ കൈമാറുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ഉപരോധരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവും. ലോകകപ്പുകളില്‍ കളിച്ച പരിചയമാണ് സൗദിക്ക് അനുകൂലം. ഖത്തറാവട്ടെ ഇതുവരെ ഒരു ലോകകപ്പിലും കളിച്ചിട്ടില്ല. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും സൗദിക്കു തന്നെയാണ് മേല്‍ക്കൈ.
ഉപരോധം കാരണം ഖത്തറില്‍ നിന്നുള്ള കായികപ്രേമികള്‍ക്ക് യുഎഇയിലെത്തുന്നതിനു വിലക്കുള്ളതിനാല്‍ ഖത്തറിനു വേണ്ടി കൈയടിക്കാന്‍ ആളുകള്‍ കുറവായിരിക്കും. എന്നാല്‍ ഒമാന്‍ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ ഖത്തറിനെ പിന്തുണച്ചു രംഗത്തുണ്ട്. ഏഷ്യന്‍ കപ്പില്‍ കളിച്ച രണ്ട് മല്‍സരങ്ങളും ജയിച്ച് ഇരുടീമുകളും തുല്യ പോയിന്റ് നേടിയിരിക്കുകയാണ്. ഗോള്‍ ശരാശരിയില്‍ ഖത്തറാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഉപരോധം മൂലം 25 അംഗ ഖത്തര്‍ ടീം പ്രൈവറ്റ് ജെറ്റില്‍ കുവൈത്ത് വഴി ചുറ്റിയാണ് യുഎഇയില്‍ എത്തിയത്.