ലോക കപ്പിന് മുമ്പൊരു ഏഷ്യന്‍ കപ്പ്; ഖത്തര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുമോയെന്ന് ഇന്നറിയാം
ആതിഥേയരായ യുഎഇയെ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞ് ഏഷ്യന്‍ കപ്പ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്ത മറൂണുകള്‍ക്ക് ഇന്ന് എതിരാളികള്‍ കരുത്തരയാ ജപ്പാനാണ്.
അബുദാബി: 2022ലെ ലോകകപ്പിനൊരുങ്ങുന്ന ലോക കപ്പിന് ആതിഥേയത്വം അരുളാന്‍ ഒരുങ്ങുന്ന ഖത്തറിന് അതിന് മുമ്പൊരു ഏഷ്യന്‍ കപ്പ് നാട്ടിലെത്തിക്കുക എന്നത് വലിയ സ്വപ്‌നമാണ്. ആതിഥേയരായ യുഎഇയെ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞ് ഏഷ്യന്‍ കപ്പ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്ത മറൂണുകള്‍ക്ക് ഇന്ന് എതിരാളികള്‍ കരുത്തരയാ ജപ്പാനാണ്. 2022ല്‍ ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ മല്‍സരിക്കാവുന്ന ഒരു ടീമിനെ ഒരുക്കിയെടുക്കുക എന്ന ഖത്തറിന്റെ ലക്ഷ്യം ഇതുവരെ വിജയകരമാണ്.
ആറു കളികളില്‍ ഗോള്‍ വഴങ്ങാതെയാണ് അവരുടെ മുന്നേറ്റം. ഉപരോധബലത്തില്‍ ഖത്തര്‍ ആരാധകരെ മുഴുവന്‍ ഗാലറിയില്‍ നിന്ന് അകറ്റിനിര്‍ത്തിയ സെമിഫൈനലില്‍ യുഎഇക്ക് ലഭിച്ച ആര്‍ത്തിരമ്പിയ പിന്തുണയെയും തോല്‍പ്പിച്ചാണ് ഖത്തര്‍ കടന്നുകയറിയത്. മല്‍സരശേഷം ഗാലറിയില്‍ നിന്ന് ചെരുപ്പേറ് വരെ ഉണ്ടായെങ്കിലും അതൊന്നും ഖത്തറിനെ അലട്ടുന്നില്ലെന്ന് സ്‌ട്രൈക്കര്‍ അല്‍മോയിസ് അലി പറയുന്നു. ടൂര്‍ണമെന്റില്‍ ഇപ്പോള്‍ എട്ടു ഗോളുകളുമായി മുന്‍ ഇറാന്‍ താരം അലി ദേയിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നില്‍ക്കുകയാണ് അല്‍മോയിസ്. ആതിഥേയരായ യുഎഇയെ 4-0ന് തോല്‍പ്പിച്ചാണ് ആദ്യമായി ഖത്തര്‍ കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. പത്തുതവണ ഏഷ്യന്‍കപ്പില്‍ കളിച്ചിട്ടുള്ള ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമാണ് നടത്തുന്നത്. ക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് യുഎഇക്കെതിരേയും കണ്ടത്.
കരുത്തരായ ഇറാനെ 3-0നു തകര്‍ത്തെത്തിയ ജപ്പാനും ആത്മവിശ്വാസത്തിനു കുറവില്ല.