അല്‍മോസ് അലിക്ക് മെസ്സിയുടെ പ്രത്യേക സമ്മാനം; കൈയൊപ്പ് പതിഞ്ഞ ബാഴ്‌സ ജഴ്‌സി
അടുത്ത സീസണില്‍ അല്‍മോസ് ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേരുമെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു
ദോഹ: ഖത്തറിന് ഏഷ്യന്‍കപ്പ് നേടിക്കൊടുത്ത സൂപര്‍താരം അല്‍മോസ് അലിക്ക് അര്‍ജന്റൈന്‍ സൂപര്‍സ്റ്റാര്‍ ലയണല്‍ മെസ്സിയുടെ പ്രത്യേക സമ്മാനം. തന്റെ കൈയൊപ്പുള്ള ബാഴ്‌സലോണയുടെ 19ാം നമ്പര്‍ ജഴ്‌സിയാണ് സമ്മാനമായി നല്‍കിയത്. അല്‍മോസ് അലിയുടെ എണ്ണം പറഞ്ഞ ഒമ്പത് ഗോളുകളാണ് ഖത്തറിന് പുതുചരിത്രം കുറിച്ച് ഏഷ്യന്‍ ഫുട്‌ബോളിന്റെ രാജാക്കന്‍മാരാക്കിയത്. ഒരു കായികപരിപാടിക്കിടെ അല്‍മോസ് തനിക്കു ലഭിച്ച പ്രിയപ്പെട്ട സമ്മാനം അല്‍മോസ് അലി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഏഴു കളികളില്‍ നിന്നായി അല്‍മോസ് ഒമ്പത് ഗോളുകള്‍ നേടി ടോപ് സ്‌കോററായിരുന്നു. ഒരു ഏഷ്യന്‍കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരവും അല്‍മോസ് തന്നെ. അടുത്ത സീസണില്‍ അല്‍മോസ് ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേരുമെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ക്ലബ്ബ് അല്‍മോസിയുടെ കളി സൂക്ഷ്മതയോടെ നോക്കുകയാണെന്നും ഏഴു കഴിയിലെ ഒമ്പത് ഗോളുകള്‍, പ്രത്യേകിച്ച് ഫൈനലില്‍ ജപ്പാനെതിരേ ഖത്തറിനെ ജേതാക്കളാക്കിയ ഗോളും നോര്‍ത്ത് കൊറിയക്കെതിരേ നേടിയു ഹാട്രിക്കുമാണ് നിരീക്ഷിക്കുന്നതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ കാല്‍ഷ്യോ മെര്‍കാറ്റോ വ്യക്തമാക്കി. ഖത്തറിലെ ആസ്‌പെയര്‍ അക്കാദമിയില്‍ നിന്നു പഠിച്ച അല്‍മോസ് അലി അടുത്ത സീസണില്‍ യൂറോപ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറാനാണു താല്‍പര്യപ്പെടുന്നത്. തീര്‍ച്ചയായും യൂറോപ്യന്‍ ക്ലബ്ബുകളെയാണ് ലക്ഷ്യമിടുന്നത്. കാരണം, ഖത്തറില്‍ മാത്രമല്ല, ഏഷ്യയും ഏറെ പിന്നിലാണ്. ലോകകപ്പ് കളിക്കുന്നതില്‍ ഏഷ്യന്‍ ടീമുകള്‍ ഏറെ പിന്നിലാണ്. അതിനാല്‍ യൂറോപില്‍ കളിക്കുകയാണ് ലക്ഷ്യം. എന്നാല്‍ 2022ല്‍ ദോഹയില്‍ നടക്കുന്ന ലോകകപ്പില്‍ യൂറോപില്‍ നിന്നു പഠിച്ച് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അല്‍മോസ് അലി റോയിട്ടേഴ്‌സിനോടു പറഞ്ഞു.