കാലവര്‍ഷം: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സൂഷ്മമായി നിരീക്ഷിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിനോടകം വൈദ്യുതി വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ചില ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമുകളിലെ പ്രതിദിന ജലനിരപ്പ് വിലയിരുത്താന്‍ മേയ് മാസത്തില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവാര അവലോകനങ്ങള്‍ നടക്കുന്നുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു
കൊച്ചി: സംസ്ഥാനത്തെ ഡാമുകളുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഹൈക്കോടതിയില് സത്യവാങ്മൂലം സമര്‍പ്പിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു രേഖമൂലം റിപോര്‍ട്ട് സമര്‍പ്പിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്ത് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഡാമുകളിലെ ജലനിരപ്പ് സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിനോടകം വൈദ്യുതി വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ചില ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമുകളിലെ പ്രതിദിന ജലനിരപ്പ് വിലയിരുത്താന്‍ മേയ് മാസത്തില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിവാര അവലോകനങ്ങള്‍ നടക്കുന്നുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ കര്‍വ് റൂളും മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ സമയക്രമവും കേരളം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും ജലകമ്മിഷന്റെയും ഡാം സുരക്ഷാ അതോറിറ്റിയുടേയും മാര്‍ഗ നിര്‍ദേശങ്ങളും കണക്കിലെടുത്താണ് ഡാം കൈകാര്യത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ജുണ്‍ ഒന്നിലെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഡാമുകളില്‍ മൊത്തം സംഭരണ ശേഷിയുടെ 23 ശതമാനം വെള്ളമാണുള്ളത്. ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ 31 ശതമാനം ജലമാണുള്ളത്. കേസ് അടുത്ത ബുധനാഴ്ചത്തേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി.