പ്രസവ അവധി ആനുകൂല്യം: കേന്ദ്ര അംഗീകാരം തേടാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

Update: 2019-08-29 13:49 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയായി. ഇതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.

Tags:    

Similar News