മാവോവാദി ബന്ധം: യുഎപിഎ വേണ്ട; പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം
മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മാരകകരിനിയമങ്ങള്‍ സാമാന്യജനങ്ങളെയാണ് ബാധിക്കുക. അവ റദ്ദുചെയ്യണമെന്ന് സംഘം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്ത രണ്ട് യുവാക്കളുടെ മേല്‍ യുഎപിഎ കരിനിയമം ചുമത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാരിന്റെ നയസമീപനങ്ങള്‍ക്ക് വിരുദ്ധമായ വിധം പ്രവര്‍ത്തിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ അച്ചടക്ക നടപടി സ്വീകരിക്കണം.
രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാരിന്റെ സാമ്രാജ്യത്വ, മതവിദ്വേഷനയങ്ങളാണ് രാജ്യത്ത് വിവിധതരം തീവ്രവാദ, ഭീകരസംഘങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണം. ഈ ഭീകരസംഘങ്ങള്‍ ഫലത്തില്‍ ഭരണവര്‍ഗത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തിക്കൊണ്ടും ജനകീയസംവാദങ്ങള്‍ സാധ്യമാക്കിക്കൊണ്ടുമാണ് ഭീകരവാദത്തെ നേരിടേണ്ടത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മാരകകരിനിയമങ്ങള്‍ സാമാന്യജനങ്ങളെയാണ് ബാധിക്കുക. അവ റദ്ദുചെയ്യണമെന്ന് സംഘം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.