ബസ് തടഞ്ഞു പരിശോധന; ഡ്രൈവറുടെ പക്കല്‍നിന്നു കണ്ടെടുത്തത് 13 പൊതി എംഡിഎംഎ

ഷൈനിന്റെ പക്കല്‍ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

Update: 2022-07-21 10:16 GMT

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറുടെ പക്കല്‍ നിന്നും അതി തീവ്രലഹരി മരുന്നായ എംഡിഎംഎ പിടികൂടി. മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈന്‍ (24)നെയാണ് ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഷൈനിന്റെ പക്കല്‍ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ - പറവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അഖില മോള്‍ എന്ന ബസ്സിലെ ഡ്രൈവറാണ് ഷൈന്‍.

ഇന്ന് ഉച്ചക്ക് പറവൂരിലേക്ക് യാത്രക്കാരുമായി പോകുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കെ നടയില്‍ വെച്ച് പോലിസ് പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറുടെ പക്കല്‍ നിന്നും ഒരു പൊതി എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പന്ത്രണ്ട് പൊതികള്‍ കൂടി കണ്ടെടുത്തത്. ബം​ഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത് ഇത് രണ്ടാം തവണയാണ്. മേഖലയിലെ സ്വകാര്യ ബസ് ഡ്രൈവർമാർ വഴി എംഡിഎംഎ കച്ചവടം വ്യാപകമായി നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. 

Similar News