മൂല്യനിര്‍ണയവും പരീക്ഷാ നടത്തിപ്പും അതിവേഗത്തിലാക്കാനൊരുങ്ങി എംജി

ഒന്ന്, ആറ് സെമസ്റ്റര്‍ ബിരുദപരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ആറുദിവസംകൊണ്ട് പൂര്‍ത്തീകരിക്കും. ഇതിനായി എട്ട് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ നടത്തും. ഏപ്രില്‍ 30നകം ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി മാര്‍ച്ച് 31നകം അവസാനവര്‍ഷ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കലും പ്രൊജക്ട് ഇവാല്യുവേഷനും പൂര്‍ത്തീകരിക്കും.

Update: 2019-02-23 14:30 GMT

കോട്ടയം: മൂല്യനിര്‍ണയവും പരീക്ഷാ നടത്തിപ്പും അതിവേഗത്തിലാക്കാനൊരുങ്ങി മഹാത്മാഗാന്ധി സര്‍വകലാശാല. സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്ന കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം സര്‍വകലാശാലയുടെ നടപടികള്‍ക്ക് സര്‍വപിന്തുണയും അറിയിച്ചു. ഒന്ന്, ആറ് സെമസ്റ്റര്‍ ബിരുദപരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ആറുദിവസംകൊണ്ട് പൂര്‍ത്തീകരിക്കും. ഇതിനായി എട്ട് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ നടത്തും. ഏപ്രില്‍ 30നകം ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി മാര്‍ച്ച് 31നകം അവസാനവര്‍ഷ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കലും പ്രൊജക്ട് ഇവാല്യുവേഷനും പൂര്‍ത്തീകരിക്കും.

കഴിഞ്ഞ വര്‍ഷം മെയ് 15ന് ബിരുദഫലം പ്രഖ്യാപിച്ചതിനാല്‍ പിജി പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചിരുന്നു. എല്ലാ അധ്യാപകരും ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയ ക്യാംപിലെത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. മൂന്നുദിവസംകൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് മൂന്നിനും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് രണ്ടിനും ആരംഭിക്കും. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മുമ്പായിത്തന്നെ മൂന്നാം സെമസ്റ്റര്‍ ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മെയ് ആദ്യ ആഴ്ച ആരംഭിക്കും. പരീക്ഷ ഫലം ജൂണ്‍ 15നകം പ്രഖ്യാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജൂണ്‍ 15നകം ഫലം വരുന്നതുമൂലം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് രാജ്യത്താകമാനം അപേക്ഷിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മെയ് 15ന് പോര്‍ട്ടല്‍ തുറക്കും. ജൂണ്‍ ആദ്യവാരത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 15ഓടെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 28 മുതല്‍ കോട്ടയത്ത് നടക്കുന്ന മഹാത്മാഗാന്ധി സര്‍വകലാശാല കലോല്‍സവത്തിന് സര്‍വവിധ സഹായങ്ങളും നല്‍കാന്‍ യോഗം തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രഫ. കെ എം സീതി യോഗം ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ആര്‍ പ്രഗാഷ് മുഖ്യപ്രഭാഷണം നടത്തി.

Tags:    

Similar News