സര്‍ക്കാര്‍ കാര്യം പറയാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ല; എം വി ജയരാജനെ തള്ളി മന്ത്രി മൊയ്തീന്‍

സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി തുറന്നടിച്ചു. സര്‍ക്കാര്‍ തീരുമാനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Update: 2019-06-20 15:37 GMT

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ അറിയിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരേ വിമര്‍ശനവുമായി തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ രംഗത്ത്.

സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി തുറന്നടിച്ചു. സര്‍ക്കാര്‍ തീരുമാനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ പി കെ ശ്രീമതിക്കൊപ്പം പ്രവാസി സംരംഭകന്‍ സാജന്റെ വീട് സന്ദര്‍ശിച്ച എം വി ജയരാജന്‍, മൂന്ന് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ജയരാജന്റെ നടപടിയെ മന്ത്രി തള്ളിപ്പറഞ്ഞത്. എന്നാല്‍, മൂന്നുപേരെയല്ല നാലുപേരെയാണ് സസ്‌പെന്റ് ചെയ്തതെന്നും എം വി ജയരാജന്‍ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

സാജന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്ന് ചില കുറവുകള്‍ സംഭവിച്ചിട്ടുള്ളതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സസ്‌പെന്‍ഷന്‍. എന്നാല്‍, ആന്തൂര്‍ നഗരസഭാ ഭരണസമിതി അംഗങ്ങള്‍ ഏതെങ്കിലും തലത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമല്ല പി കെ ശ്യാമളയെ വര്‍ഷങ്ങളായി അറിയാം. അവര്‍ക്കെതിരേ എന്തെങ്കിലും പരാതികളുള്ളതായി തനിക്കറിയില്ല.

രാഷ്ടീയക്കാര്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ തെളിവുകള്‍ സാജന്റെ ബന്ധുക്കള്‍ക്ക് പോലിസിന് നല്‍കാമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫയലുകളില്‍ കാലതാമസമുണ്ടാവുന്നതിന് പരിഹാരമുണ്ടാക്കാന്‍ വകുപ്പുതല നിരീക്ഷണസംവിധാനമൊരുക്കും. പൊതുജനങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാനും അക്കാര്യം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സംവിധാനമുണ്ടാക്കും. മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News