ക്വാറന്റൈനില്‍ പോവണമെന്ന് ആവശ്യം; മന്ത്രി എ സി മൊയ്തീന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായി മന്ത്രിക്ക് സമ്പര്‍ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോവണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Update: 2020-05-15 07:12 GMT

തൃശൂര്‍: മന്ത്രി എ സി മൊയ്തീന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി ക്വാറന്റൈനില്‍ പോവണമെന്ന് ആവശ്യപ്പെട്ട് മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീടിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പോലിസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി. കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായി മന്ത്രിക്ക് സമ്പര്‍ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോവണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വീടിന് സമീപത്തുവച്ച് പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. വിദേശത്തുനിന്നെത്തിയ പ്രവാസികളെ ഗുരുവായൂരിലെത്തി മന്ത്രി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. ഗുരുവായൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പ്രവാസികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദേശം ലംഘിച്ചാണ് മന്ത്രി മൊയ്തീന്‍ കൊറോണ കെയര്‍ സെന്ററിലെത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

അതേസമയം, കോണ്‍ഗ്രസ് ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. മന്ത്രി ദൂരെനിന്ന് പ്രവാസികളെ കൈവീശി കാണിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ കിട്ടിയിട്ടില്ലെന്നും ശുപാര്‍ശ എന്തായാലും അനുസരിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. നിലവില്‍ അത്യാവശ്യയോഗങ്ങളില്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News