കാര്‍ഷിക കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് 2000 കോടി: മന്ത്രി എ സി മൊയ്തീന്‍

നബാര്‍ഡിന്റെ സഹായം തേടി പ്രാദേശികമായി കാര്‍ഷിക മേഖലയെ വികസിപ്പിക്കാനും കൂടുതല്‍ തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2020-06-22 17:38 GMT

തൃശൂര്‍: കാര്‍ഷിക കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 2000 കോടി രൂപ ചെലവഴിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കുന്നംകുളം ചൊവ്വന്നൂര്‍ കലശമല ഇക്കോ ടൂറിസം വില്ലേജില്‍ കുന്നംകുളം നിയോജക മണ്ഡലം സുഭിക്ഷ കേരളം പദ്ധതി ഞാറ്റുവേല ചന്തയും കര്‍ഷക ചന്തകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുഭിക്ഷ കേരളം പദ്ധതി പ്രകാരം താഴെ തലത്തിലുള്ള കര്‍ഷകരെ കണ്ടെത്തി മുന്‍നിരയിലേക്ക് കൊണ്ടുവരും. ഇവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. കര്‍ഷകര്‍ക്ക് ഒരിക്കലും സാങ്കേതിക തടസം ഉണ്ടാക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കരുത്. നബാര്‍ഡിന്റെ സഹായം തേടി പ്രാദേശികമായി കാര്‍ഷിക മേഖലയെ വികസിപ്പിക്കാനും കൂടുതല്‍ തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ബാബു, കെ കെ സതീശന്‍, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മന്ത്രിയും മറ്റ് ജനപ്രതിനിധികളും പ്രദേശത്ത് വൃക്ഷത്തൈകള്‍ നട്ടു. കര്‍ഷകര്‍ക്ക് തൈകളും വിതരണം ചെയ്തു. 

Tags:    

Similar News