തോക്കുകൾ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടത്തും
സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പേ ചോർന്നുവെന്ന ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ചോര്‍ന്നുവെന്ന് പറയുക വഴി സംശയത്തിന്‍റെ മുന സിഎജിയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍.
തിരുവനന്തപുരം: കേരള പോലിസിന്റെ കൈവശമുള്ള 25 തോക്കുകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകൾ പരിശോധിക്കുക. തോക്കുകൾ കാണാതെ പോയിട്ടില്ലെന്നും കണക്കുകൾ ക്രമീകരിച്ചതിൽ പാളിച്ച വന്നതാണെന്നുമാണ് പോലിസ് വാദം.
അതേസമയം, സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പേ ചോർന്നുവെന്ന ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ചോര്‍ന്നുവെന്ന് പറയുക വഴി സംശയത്തിന്‍റെ മുന സിഎജിയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. റിപ്പോര്‍ട്ട് വയ്ക്കുന്നതിന്‍റെ തലേദിവസം നിയമസഭയില്‍ പി ടി തോമസ് അതേ വിഷയം ഉന്നയിച്ചതാണ് സര്‍ക്കാര്‍ ആയുധമാക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സിഎജിയില്‍ നിന്ന് ചോര്‍ന്നത് പോലെയാണ് ഇതും ചോര്‍ന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ആലുവയിൽ പ്രതികരിച്ചിരുന്നു. റിപ്പോർട്ടിലുള്ളതെന്ന് സൂചിപ്പിക്കാതെയാണ് പ്രതിപക്ഷ നേതാവ് സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ സഭയിൽ ഉന്നയിച്ചത്. ഇത് ചട്ടലംഘനമാണെന്നും ഇതിനർത്ഥം സിഎജി റിപ്പോർട്ട് ചോർന്നുവെന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ പുറത്ത് വന്നില്ല. 2013ൽ യുഡിഎഫ് സർക്കാർ ആയിരുന്നു ഭരണത്തില്‍ എന്നത് മറച്ചുവയ്ക്കാൻ പരിശ്രമം നടന്നില്ലേയെന്നും സംശയിച്ചാൽ തെറ്റില്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റേത് വളരെ ആസൂത്രിതവും സംഘടിതവുമായ അവതരണമായിരുന്നു. സിഎജി റിപ്പോർട്ട് ചോർന്നുവെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സർക്കാരിന്റെ അഭിപ്രായമാണെന്നും കടകംപള്ളി പറഞ്ഞു. ഡിജിപിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി വാർത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു.
ഡിജിപിയുടെ വിദേശയാത്രയെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് അദ്ദേഹത്തിന് അറിവുള്ള കാര്യങ്ങൾ ആയിരിക്കും. സിഎജി റിപ്പോർട്ട് തുടർപ്രക്രിയയാണ് എന്നും ഇത്തരം പരാമർശങ്ങൾ എന്നും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വർഷം മുൻപു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കമുള്ളവർ വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതിസ്ഥാനത്തുണ്ട്.