സർക്കാരിൻ്റേത് പാരിസ്ഥിതിക മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനസ്ഥാപിക്കപ്പെടണം.
കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റേത് പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കാവിൽ ഹരിത ഗ്രാമം പദ്ധതിയുടെ സമർപ്പണവും വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും കാവുന്തറ യുപി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനസ്ഥാപിക്കപ്പെടണം. ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി നവീകരിക്കുന്ന കാവുന്തറ - തുരുത്തി മുക്ക് റോഡ് ഈ പ്രദേശത്തെ പ്രധാന റോഡാണ്. റോഡുകൾ മികച്ച നിലവാരത്തിലേക്കുയരേണ്ടത് അത്യാവശ്യമാണ്. ദീർഘകാലം നിലനിൽക്കുന്ന റോഡുകളാണ് നമുക്കാവശ്യം. ദേശീയ പാതയോ സംസ്ഥാന പാതയോ പ്രാദേശിക റോഡുകളോ ആവട്ടെ, നിർമാണഘട്ടത്തിൽ അവ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഏറ്റവുമധികം വാഹനപ്പെരുപ്പമുള്ള നാടാണ് കേരളം. ഇവിടെ മൂന്നിലൊരാൾക്ക് വാഹനമുണ്ട്. ഗതാഗത പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ റോഡിലൂടെയുള്ള ഗതാഗതം മാത്രം പോര. പുതിയ ഗതാഗത രീതികൾ ഉണ്ടാകേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. 15,000 കോടി രൂപയുടെ പശ്ചാത്തല വികസനമാണ് പൊതുമരാമത്ത് വകുപ്പു വഴി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം. പൊതുമരാമത്ത് കെട്ടിടങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും പരിപാലനം ഗൗരവമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.