മുന്‍ മിസ് കേരള അടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവം:റോയിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; സൈജുവിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലിസ്

അന്‍സി കബീര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്റെ ലഹരി പാര്‍ട്ടികള്‍ സംബന്ധിച്ചും പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കോടതിയെ സമീപിച്ച് സൈജു തങ്കച്ചനെ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്

Update: 2021-12-07 07:07 GMT

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമ റോയി യെ വീണ്ടും പോലിസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബ്ന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി നേരത്തെ റോയിയെയും അഞ്ചു ഹോട്ടല്‍ ജീവനക്കാരെയും പോലിസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു.ഇതിനു ശേഷം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു റോയി.

അന്‍സി കബീര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്റെ ലഹരി പാര്‍ട്ടികള്‍ സംബന്ധിച്ചും പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ സംഘടിപ്പിച്ചിരുന്ന ലഹരിപാര്‍ട്ടികളെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്.തുടര്‍ന്ന് ഇയാള്‍ പാര്‍ട്ടി സംഘടിപ്പിച്ചതിന്റെയും അതില്‍ പങ്കെടുത്തവരെയും കുറിച്ചും പോലിസിന് വിവരം ലഭിച്ചു.തുടര്‍ന്ന് കാക്കനാട്,ചിലവന്നൂര്‍,മരട് അടക്കമുളള ഫഌറ്റുകളില്‍ പോലിസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

ലഹരി പാര്‍ട്ടി യില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലിസ് കേസെടുത്തിണ്ടുണ്ട്. ഇവര്‍ മയക്കു മരുന്നു ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തുന്നതിനായുള്ള ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചതായാണ് വിവരം. കോടതിയെ സമീപിച്ച് സൈജു തങ്കച്ചനെ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

Tags:    

Similar News