മൊഫിയയുടെ ആത്മഹത്യ: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മൊഫിയയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദാരുണസംഭവത്തെ ക്കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആലുവ റൂറല്‍ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഡിസംബര്‍ 27ന് പരിഗണിക്കും.
ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പോലിസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ മൊഫിയ പര്‍വീണി (21) നെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.