കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി ശിവശങ്കര്‍ പിന്‍വലിച്ചു
കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനാലാണ് അപേക്ഷ പിന്‍വലിച്ചതെന്നാണ് വിവരം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്.എന്നാല്‍ കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനാലാണ് അപേക്ഷ പിന്‍വലിച്ചതെന്നാണ് വിവരം.
സര്‍ക്കാര്‍ ജീവനക്കാരനായ തനിക്കെതിരെ കുറ്റപത്രം നല്‍കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ശിവശങ്കര്‍ ഹരജിയില്‍ പറഞ്ഞിരുന്നു.അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അനുബന്ധ കുറ്റപത്രം ഉണ്ടാകുമെന്നും ഇഡി അറിയിച്ചു.അതേ സമയം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസസസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി റബിന്‍സ് ഹമീദിനെ ഫെബ്രുവരി ഒന്നുവരെ റിമാന്‍ഡ് ചെയ്തു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയാണ് റിമാന്റു ചെയ്തത്.