കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ആരോപണത്തിനെതിരെ ഇ ഡി

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചതെന്ന് ഇ ഡി.കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സമയത്ത് അത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ജാമ്യഹരജിയില്‍ വാദം നടക്കുമ്പോള്‍ അദ്ദേഹത്തിന് ഉന്നയിക്കാമായിരുന്നു.അതു ചെയ്യാതെ ഇപ്പോള്‍ ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മനപ്പൂര്‍വമാണെന്നും മാധ്യമ ശ്രദ്ധനേടുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ഇ ഡി വ്യക്തമാക്കുന്നു

Update: 2020-11-17 06:11 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കര്‍ കോടതിയില്‍ ഇ ഡിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഇ ഡി.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഉച്ചകഴിഞ്ഞ് വിധി പറയും.ഇ ഡി അറസ്റ്റ് ചെയ്ത് ശിവശങ്കര്‍ ഇപ്പോള്‍ റിമാന്റിലാണ്.നേരത്തെ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഇ ഡി യുടെ ആവശ്യം പരിഗണിച്ച കോടതി ശിവശങ്കറിനെ നേരത്തെ രണ്ടു തവണ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. ഈ കാലാവധിക്കു ശേഷം കോടതയില്‍ ഹാജരാക്കിയ ശിവശങ്കറിനെ റിമാന്റു ചെയ്ത ശേഷം ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ഇഡിക്കെതിരെ ആരോപണമുന്നയിച്ച് ശിവശങ്കര്‍ കോടതിയില്‍ സത്യവാങ്മുലം സമര്‍പ്പിച്ചത്.ഇ ഡി കോടതിയില്‍ ധരിപ്പിച്ചതുപോലെ ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടാന്‍ എതെങ്കിലും കസ്റ്റംസ് ഓഫിസറെ ബന്ധപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കളുടെ പേരു വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അതിന് തയാറാകാതിരുന്നതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അക്കമിട്ട് നിരത്തിയ ആരോപണങ്ങളാണ് ശിവശങ്കര്‍ ഇ ഡിക്കെതിരെ കോടതിയെ അറിയിച്ചത്.

എന്നാല്‍ ശിവശങ്കര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിച്ചിരിക്കുകയാണ്. ഇ ഡി.അടിസ്ഥാന രഹിതമായ ആരോപങ്ങളാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചതെന്ന് ഇ ഡി പറയുന്നു.രാഷ്ട്രീയ നേതാക്കളുടെ പേരുപറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിനു വഴങ്ങാതിരുന്നതിനാലാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് ശിവശങ്കറിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്.നേരത്തെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്ന സമയത്ത് ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്താതെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനു ശേഷം വിധി പറയാനിരിക്കേ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ പരമാണ്. ശിവശങ്കര്‍ ആരോപിക്കുന്നതുപോലെ രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ പേരുപറയാന്‍ യാതൊരു വിധ സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സമയത്ത് അത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ജാമ്യഹരജിയില്‍ വാദം നടക്കുമ്പോള്‍ അദ്ദേഹത്തിന് ഉന്നയിക്കാമായിരുന്നു.അതു ചെയ്യാതെ ഇപ്പോള്‍ ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മനപ്പൂര്‍വമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.

മാധ്യമ ശ്രദ്ധനേടുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന വാദം മുഖവിലയ്‌ക്കെടുക്കതരുതെന്നും തള്ളിക്കളയണമെന്നും ഇ ഡി കോടതിയോട് അഭ്യര്‍ഥിച്ചു.വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുകയാണെന്നും ഇ ഡി കോടതിയെ അറിയിച്ചു.ശിവശങ്കറിനെതിനെ ഇ ഡിയുടെ കണ്ടെത്തലുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശിവശങ്കര്‍ അക്കമിട്ട് നിരത്തിയ ആരോപണങ്ങള്‍ക്ക് അതേ തരത്തില്‍ തന്നെ അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ട് ഇ ഡി വ്യക്തമാക്കുന്നു.ഇ ഡി യുടെ റിപോര്‍ട് കൂടി പരിഗണിച്ച ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞേക്കുമെന്നാണ് സൂചന

Tags:    

Similar News