പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നു ഹൈക്കോടതി

സത്യവാങ്മൂലത്തിലെ ഓരോ വിശദീകരണങ്ങളും കൂടുതല്‍ ചോദ്യങ്ങളിലേക്കാണ് പോകുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. മോന്‍സണിന്റെ വീട്ടില്‍ പുരാവസ്തുവെന്നു പറഞ്ഞു സൂക്ഷിച്ച വസ്തുക്കള്‍ പുരാവസ്തു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നോയെന്നു പോലിസ് അന്വേഷിച്ചില്ലേയെന്നും കോടതി ആരാഞ്ഞു

Update: 2021-10-29 16:18 GMT

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സത്യവാങ്മൂലത്തിലെ ഓരോ വിശദീകരണങ്ങളും കൂടുതല്‍ ചോദ്യങ്ങളിലേക്കാണ് പോകുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. മോന്‍സണിന്റെ വീട്ടില്‍ പുരാവസ്തുവെന്നു പറഞ്ഞു സൂക്ഷിച്ച വസ്തുക്കള്‍ പുരാവസ്തു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നോയെന്നു പോലിസ് അന്വേഷിച്ചില്ലേയെന്നും കോടതി ആരാഞ്ഞു.

അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഡിജിപി 2019 മെയ് 22 നു കത്തയച്ചിട്ടും ഇതുസംബന്ധിച്ചു റിപോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ടു എട്ടുമാസമെടുത്തു. എ.ഡി.ജി.പി, ഡി.ജി.പി എന്നിവര്‍ കീഴുദ്യോഗസ്ഥര്‍ക്ക് അയച്ചുവെന്നു പറയുന്നു മൂന്നു കത്തുകളും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിദേശ സംഘടനകളുമായി കേസിനെ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നു അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. എഡിജിപിയെയും ഡിജിപിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ആരാണ് ഇവരെ മോന്‍സന്റെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും കോടതി ആരാഞ്ഞു.

മോന്‍സണിനെതിരെ സംശയം ഉണ്ടായിട്ടും പോലിസ് എന്തിന് സംരക്ഷണം നല്‍കിയെന്നും മോന്‍സന്റെ തട്ടിപ്പിനെതിരെ പരാതികള്‍ ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. മോന്‍സന്‍ പുരാവസ്തുക്കള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടു പരാതികള്‍ ലഭിച്ചിട്ടില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മോന്‍സനെതിരെി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമല്ല കോടതിക്ക് അറിയേണ്ടതെന്നു കോടതി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍സന്‍ എല്ലാവരെയും കബളിപ്പിച്ചു.എല്ലാ സംവിധാനങ്ങളെയും മോന്‍സന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിച്ചു. മോന്‍സനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ഭയമുണ്ടൊയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

Tags:    

Similar News