സബ് കലക്ടറും എംഎല്‍എയും തമ്മിലുള്ള പ്രശ്‌നം: പരിശോധിക്കുമെന്നു റവന്യൂ മന്ത്രിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയും
ദേവികുളം: മൂന്നാറില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ രേണു രാജും എസ് രാജേന്ദ്രന്‍ എംഎല്‍എയും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥരില്ലാതെ നമുക്കു മുന്നോട്ടു പോവാനാവില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും വ്യക്തമാക്കി. ആരുടെ ഭാഗത്തു നിന്നായാലും തെറ്റായ പെരുമാറ്റം പാര്‍ട്ടി അംഗീകരിക്കില്ലെന്നും ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ എംഎല്‍എയെ ശക്തമായി വിമര്‍ശിച്ചു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ രംഗത്തെത്തി. എംഎല്‍എയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണ്. എംഎല്‍എയെ സിപിഎം നിയന്ത്രിക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടര്‍ രേണു രാജിന് ബോധമില്ലെന്ന് എസ് രാജേന്ദ്രന്‍ ഇന്നലെ അധിക്ഷേപിച്ചിരുന്നു. രേണുരാജിനെതിരായ പ്രതികരണത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നുമായിരുന്നു രാജേന്ദ്രന്‍ എംഎല്‍എയുടെ വിശദീകരണം