കെഎസ്എഫ്ഇ നഷ്ടത്തിലല്ല; ചിട്ടിയില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗം പേരും യുഎഇയില്‍ നിന്നുളളവരെന്നു ധനമന്ത്രി
ദുബയ്: കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ഇനിമുതല്‍ ലോകത്തെവിടെയുമുള്ള പ്രവാസികള്‍ക്കും അംഗമാകാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇപ്പോള്‍ അംഗമായിട്ടുളളവരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് പ്രവാസികളാണ്. അതില്‍ തന്നെ യുഎഇയില്‍ നിന്നുളളവാണ് അധികവുമെന്നും ധനമന്ത്രി പറഞ്ഞു. ദുബയ് ദേരയിലെ ഫ്‌ളോറാ ക്രീക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ചിട്ടിയിലൂടെ നാട്ടിലെ ഏതെങ്കിലും പ്രത്യേക പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായി മാറാനുളള അവസരം പ്രവാസി സംഘടനകള്‍ക്ക് കൈവന്നിരിക്കയാണ്. അതായത്, ഒരു സ്‌കൂളിന്റെയോ റോഡിന്റെയോ വികസനം കിഫ്ബി വഴി നടപ്പിലാക്കുന്നുണ്ട്. താല്‍പര്യമുളള പദ്ധതിയുടെ എസ്റ്റിമേറ്റിനു തുല്യമായ തുകയ്‌ക്കോ അതല്ലെങ്കില്‍ അംഗങ്ങളെല്ലാവരുമോ പദ്ധതിയില്‍ ചേരുകയോ ചെയ്യാം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സംഘടനയുടെ പേര് പ്രത്യേക ശിലാഫലകത്തില്‍ രേഖപ്പെടുത്തും. പാലങ്ങളും ആശുപത്രികളും സ്‌റ്റേഡിയങ്ങളുമെല്ലാം ഇത്തരത്തില്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്നും ധനമന്ത്രി പറഞ്ഞു.
പദ്ധതിയില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുളള സംഘടനകള്‍ക്ക് 0091 9447791122 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പതിനായിരം രൂപയുടെ പ്രവാസി ചിട്ടിയില്‍ ചേരുന്നവരുടെ അംശാദയം പ്രവാസി ക്ഷേമനിധി ബോര്‍ഡ് അടയ്ക്കും. ഇതുകൂടാതെ ഹലാല്‍ ചിട്ടികളും ആരംഭിക്കുകയാണ്. നാടിന്റെ വികസനത്തിന് തങ്ങളുടെ പങ്ക് കൂടി വഹിക്കാനുളള അവസരം കൂടിയാണ് കെഎസ്എഫ്ഇ ചിട്ടിയിലൂടെ വരുന്നത്. സമ്പാദ്യത്തിന്റെ ഒരു ഭാഗം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതോടെ നാട്ടിലെ വികസന പദ്ധതികളില്‍ പ്രവാസികള്‍ക്കും പങ്കാളികളാവാം.
അഞ്ചുവര്‍ഷം കൊണ്ട് 40,000 കോടി രൂപയുടെ വിറ്റുവരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടില്‍ സമാഹരിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യം മാന്ദ്യത്തിലൂടെ കടന്ന് പോവുകയാണ്. കേരളത്തെയും ഇത് പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കെ എസ് എഫ് ഇ എംഡി എ പുരുഷോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.