വര്‍ഷങ്ങളായി ലഹരി ഉപയോഗവും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയും; എംഡിഎംഎയുമായി മാതാവും മകനും പിടിയില്‍

Update: 2025-03-24 17:48 GMT
വര്‍ഷങ്ങളായി ലഹരി ഉപയോഗവും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയും; എംഡിഎംഎയുമായി മാതാവും മകനും പിടിയില്‍

വാളയാര്‍:കാറില്‍ കടത്തിയ 12 ഗ്രാം എംഡിഎംഎയുമായി മാതാവും മകനും സുഹൃത്തുക്കളും അടങ്ങിയ 4 അംഗ സംഘം അറസ്റ്റില്‍. വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണ് സംഘം പിടിയിലായത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍സണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂര്‍ മുഖവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മൃദുലും അശ്വിന്‍ലാലും ഐടി പ്രഫഷനലുകളാണ്.

അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. ബെംഗളൂരുവില്‍ നിന്നെത്തിച്ച രാസലഹരി വസ്തുക്കള്‍ കോഴിക്കോട്ടെത്തിച്ചു കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ വാഹന പരിശോധനയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ കാര്‍ അമിത വേഗത്തില്‍ പാഞ്ഞു പോയെങ്കിലും ഉദ്യോഗസ്ഥര്‍ ചന്ദ്രാപുരത്തു വച്ചു പിന്തുടര്‍ന്നു പിടികൂടി.

ബെംഗളൂരില്‍ നിന്നു കോഴിക്കോട്ടേക്കാണ് ഇവര്‍ പോയിരുന്നത്. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റ് സ്‌പെക്ടര്‍ എ.മുരുകദാസ്, അസി. ഇന്‍സ്‌പെക്ടര്‍ സി.മേഘനാഥ്, പ്രിവന്റീവ് ഓഫിസര്‍ കെ.വി.ദിനേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ആര്‍. പ്രശാന്ത്, കെ. ശരവണന്‍, എ. അജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.




Similar News