അറബിക് കോളജുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം സമുദായത്തോടുള്ള വെല്ലുവിളി: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

സര്‍ക്കാരിന്റെ ഈ ദിശയിലുള്ള നീക്കം സമുദായത്തെ നോവിക്കുമെന്നും പ്രസ്തുത ഉദ്യമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയാത്ത പക്ഷം പള്ളി ഇമാമുമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇമാംസ് കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്നും യോഗം ഓര്‍മിപ്പിച്ചു.

Update: 2021-03-20 05:09 GMT

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള അറബിക് കോളജുകളില്‍നിന്നും മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍ എടുത്തുമാറ്റാനുള്ള സര്‍ക്കാര്‍ ശ്രമം സംഘപരിവാര്‍ പ്രീണനവും മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

2013 ലാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അറബിക് കോളജുകളില്‍ അറബി ഇതര വിഷയങ്ങളടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. അത് വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത്തരം കോളജില്‍നിന്നും ഇഷ്ടനുസൃതമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയിരുന്നു. ഇതിലൂടെ കോളജുകളില്‍ കൂടുതല്‍ വൈജ്ഞാനികവും സാമൂഹികവുമായ ചര്‍ച്ചകളും ജനകീയ സമ്പര്‍ക്കവും ശക്തിപ്പെട്ടിരുന്നു.

മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍ പിന്‍വലിക്കുന്നതോടെ ഇത്തരം സാമൂഹിക പുരോഗതി നഷ്ടപ്പെടുകയും സാമൂഹികസമ്പര്‍ക്കത്തിന് അനിവാര്യമായ, എല്ലാത്തരം മനുഷ്യരും വിനിമയം ചെയ്യുന്ന ലോകഭാഷ എന്ന നിലയില്‍ അറബി ഭാഷാപഠനം നിലയ്ക്കുകയും അറബിക് കോളജുകളുടെയും അധ്യാപകരുടെയും ഭാവി അവതാളത്തിലാവുകയുമാണ് ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്ന നിലയിലും ലോകത്ത് ഇന്നും സാമൂഹിക വ്യവഹാരങ്ങള്‍ക്ക് അനുപേക്ഷണീയമായ ഭാഷയെന്ന നിലയിലും അറബി ഭാഷയെ ജീവിപ്പിച്ചുനിര്‍ത്താനാണ് മുസ്‌ലിം സമുദായം എന്നും ശ്രമിച്ചുപോരുന്നത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നീക്കം അറബിക് കോളജുകളോടും അറബി ഭാഷയോടും കാലങ്ങളായി അവര്‍ കരുതിവച്ചിരുന്ന അവരുടെ വിരോധത്തിന്റെയും സംഘപരിവാര്‍ ചങ്ങാത്തത്തിന്റെയും ഭാഗമായേ സമുദായത്തിന് കാണാനാവൂ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഈ മുഹൂര്‍ത്തത്തില്‍തന്നെ അറബിക് കോളജുകള്‍ക്കെതിരേ രംഗത്തുവന്നത് സംഘപരിവാര്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യാപ്തിയാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഈ ദിശയിലുള്ള നീക്കം സമുദായത്തെ നോവിക്കുമെന്നും പ്രസ്തുത ഉദ്യമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയാത്ത പക്ഷം പള്ളി ഇമാമുമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇമാംസ് കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്നും യോഗം ഓര്‍മിപ്പിച്ചു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി, വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി, ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, സെക്രട്ടറി ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, ഹാഫിസ് നിഷാദ് റഷാദി, എം ഇ എം അശ്‌റഫ് മൗലവി, അബ്ദുല്‍ ഹാദി മൗലവി സംബന്ധിച്ചു.

Tags:    

Similar News