മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് വിദേശനാണ്യം നൽകി: മുല്ലപ്പള്ളി
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച് വിദേശ പിആര്‍ ഏജന്‍സിക്കുവരെ ശൂന്യമായ ഖജനാവില്‍ നിന്ന് വിദേശനാണ്യത്തില്‍ പണം നൽകിയിട്ടുണ്ടെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്. അഞ്ചു വര്‍ഷത്തേക്ക് 4 കോടിയിലധികം രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്നു ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിത്. സിപിഎമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ഒരു പിആര്‍ കമ്പനിക്ക് ഇതുവരെ 1.10 കോടി രൂപയും കൊച്ചി ആസ്ഥാനമായ പരസ്യകമ്പനിക്ക് 60 ലക്ഷം രൂപയും നല്കിയിട്ടുണ്ട്. ബാക്കിയുള്ള വന്‍തുകകള്‍ കൊടുക്കാനിരിക്കുന്നു.
കൊവിഡ് 19നെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത് എന്ന നിലയില്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. സ്പ്രിങ്ഗ്ലർ കമ്പനിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ട്, പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അവരാരും ഇതുപോലെയുള്ള പിആര്‍ പ്രചാരണം നടത്തുന്നില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.