അഴിമതി ആരോപണവിധേയനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാനുള്ള തീരുമാനം ആരുടെതെന്ന്: മുല്ലപ്പള്ളി

സര്‍ക്കാരിന്റെ ഈ നടപടി സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസം മുട്ടുന്ന സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്ന കൊടിയ അപരാധമാണ്. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Update: 2019-08-17 11:23 GMT

തിരുവനന്തപുരം: അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന കെ എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം ആരുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രഗല്‍ഭരും സത്യസന്ധരും സുതാര്യതയ്ക്ക് പേരുകേട്ടതുമായ നിരവധി മിടുക്കന്‍മാരും മിടുക്കികളും സിവില്‍ സര്‍വീസുകാരായുള്ള സംസ്ഥാനമാണ് കേരളം. അവരെയെല്ലാം മാറ്റി നിര്‍ത്തി അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണ ഒരു ഉദ്യോഗസ്ഥനെ മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ ഫലമാണ്.

അഴിമതിയിലും ധൂര്‍ത്തിലും മൂക്കറ്റം മുങ്ങികുളിച്ച ഒരു സര്‍ക്കാരും ഭരണനേതൃത്വവുമാണ് കേരളത്തില്‍ ഇന്നുള്ളത്. സര്‍ക്കാരിന്റെ ഈ നടപടി സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസം മുട്ടുന്ന സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്ന കൊടിയ അപരാധമാണ്. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സഹകരണരംഗം ആകെ തകര്‍ത്ത് കേരളബാങ്ക് എന്ന കോമേഴ്‌സ്യല്‍ ബാങ്ക് തുടങ്ങാനുള്ള തീരുമാനം സഹകരണ പ്രസ്ഥാനത്തിന്റെ അവസാനത്തെ അടയാളവും ഇല്ലാതാക്കാനുള്ള നടപടിയാണ്. ഇതിന് മുന്നോടിയായി സിപിഎം നേതൃത്വം കട്ടുമുടിച്ച റബ്‌കോയുടെ 238 കോടിയുടെ കടം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കടുത്ത വഞ്ചനയാണ്.

കേരള ജനതയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന നടപടിയാണിത്. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി ഞാന്‍ പ്രതികരിച്ചിട്ട് പോലും സഹകരണ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പ്രമുഖരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണം ഇല്ലാതെ പോകുന്നത് നമ്മുടെ നാട് നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിയുടെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ മുഴുവന്‍ ആളുകളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, സാലറി ചലഞ്ച്, പ്രളയസെസ് തുടങ്ങിയ തെറ്റായ നടപടികള്‍ക്കെതിരെ ധീരമായി പ്രതികരിക്കാന്‍ തയ്യാറാകണം. പ്രതികരണ ശേഷി നഷ്ടമാകുന്നത് വിവേകമുള്ള ഒരു ജനതയ്ക്ക് യോചിച്ചതല്ലെന്നും മുല്ലപള്ളി പറഞ്ഞു.

Tags:    

Similar News