പോലിസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 75,000 രൂപ പിഴയും
കോട്ടയം: പോലിസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷയും 75,000 രൂപ പിഴയും വിധിച്ചു. വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ വൈക്കം പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ സി ടി റെജിമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ഉല്ലല ഓണിശേരി ലക്ഷം വീട് കോളനിയില്‍ അഖിലാ( ലെങ്കോ- 32) യെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവ് അനുഭവിക്കണമെന്ന് അഡീഷനല്‍ സെന്‍ഷന്‍സ് കോടതി ജഡ്ജി ജോണ്‍സണ്‍ ജോണ്‍ വിധിച്ചു.
2019 ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിനെ പിടികൂടുന്നതിനായാണു വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തലയാഴം കൂവം ഭാഗത്തുള്ള വീട്ടിലെത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയെത്തിയ പോലിസുകാരില്‍ റെജിമോനെ മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതി, പാടത്തേയ്ക്കു തള്ളിയിട്ട് ശരീരത്തില്‍ കയറിയിരുന്ന് കണ്ണുകളില്‍ വിരല്‍ കുത്തി ഇറക്കി. തൊണ്ടക്കുഴിയില്‍ കൈമുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. നെഞ്ചില്‍ കടിച്ചു മുറിച്ചു. തുടര്‍ന്ന് വൈക്കം എസ്‌ഐയും സംഘവും ബലം പ്രയോഗിച്ച് പ്രതിയെ പിടിച്ചുമാറ്റിയാണു റെജിമോന്റെ ജീവന്‍ രക്ഷിച്ചത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ റെജിമോന്‍ ചികില്‍സയിലായിരുന്നു.
അഖിലിനെതിരേ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങിയ വിവിധ വകുപ്പുകളിലായി ഇരുപത്താറോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയ്‌ക്കെതിരേ 294 ബി, 324, 333, 332 , 506 (2) എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വൈക്കം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എസ് പ്രദീപാണ് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവിനായി 15 സാക്ഷികളെ വിസ്തരിക്കുകയും 19 പ്രമാണങ്ങളും, നാല് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ജിതേഷ് ഹാജരായി.