കൊവിഡ് മരണം: സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനവും ട്രോള്‍ മഴയും
നാട്ടുകാരെ ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയും മൃതദേഹത്തോട് അനാദരവ് കാണിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയും ചെയ്ത കൗണ്‍സിലര്‍ക്കെതിരേ വ്യാപകപ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സംസ്‌കാരം തടയാന്‍ നേതൃത്വം നല്‍കിയ ബിജെപി കൗണ്‍സിലര്‍ക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷവിമര്‍ശനവും ട്രോള്‍ മഴയും. കോട്ടയം നഗരസഭയിലെ മുട്ടമ്പലം ശ്മാശനത്തില്‍ അടക്കം ചെയ്യാന്‍ കൊണ്ടുവന്ന മൃതദേഹമാണ് ബിജെപി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാരെ ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയും മൃതദേഹത്തോട് അനാദരവ് കാണിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയും ചെയ്ത കൗണ്‍സിലര്‍ക്കെതിരേ വ്യാപകപ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
കൊവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിക്കുമ്പോഴുയരുന്ന പുക വൈറസ് പടര്‍ത്തുമെന്നായിരുന്നു കൗണ്‍സിലറുടെ വാദം. ഇതിനെ ആക്ഷേപിച്ച് നിരവധി ട്രോളുകളാണ് ഹരികുമാറിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൂടാതെ രാഷ്ട്രീയഭേദമന്യേ വിവിധ കോണുകളില്‍നിന്ന് നിരവധി വിമര്‍ശനങ്ങളാണ് ബിജെപിക്കും കൗണ്‍സിലര്‍ക്കുമെതിരേ ഉയരുന്നത്. കൗണ്‍സിലറുടെ നടപടിക്കെതിരേ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും രംഗത്തെത്തിയതും പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഏത് പാര്‍ട്ടിക്കാരനായാലും സംസ്‌കാരം തടഞ്ഞത് തെറ്റും വിവരക്കേടുമെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിമര്‍ശനം. ആരുടെ നേതൃത്വത്തിലായാലും സംഭവം കോട്ടയത്തിനുതന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്‌കാരം തടഞ്ഞതിന് പുറമെ പ്രശ്‌നത്തിന് വര്‍ഗീയനിറം നല്‍കാനും ബിജെപി ശ്രമം നടത്തി. പള്ളിയില്‍ മൃതദേഹം അടക്കാന്‍ സമ്മതിച്ചില്ലെന്നും അവിടെ അടക്കാത്ത മൃതദേഹം എന്തിനാണ് നഗരസഭ ശ്മശാനത്തിലേയ്ക്കു കൊണ്ടുവന്നതെന്നുമുള്ള വാദമാണുയര്‍ത്തിയത്. ഇതോടെയാണ് സ്ത്രീകള്‍ അടക്കമുള്ള കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി മൃതദേഹം അടക്കാന്‍ ആക്രോശിക്കുന്ന കൗണ്‍സിലറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിജെപി കൗണ്‍സിലര്‍ക്കും മറ്റ് 50 പേര്‍ക്കുമെതിരേ പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കൊവിഡാണെന്നു മരണശേഷമാണ് സ്ഥിരീകരിച്ചത്. മുന്‍ നഗരസഭ ജീവനക്കാരനായ ഇദ്ദേഹം വീണുപരിക്കേറ്റതിനെ തുടര്‍ന്നു മാസങ്ങളായി ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സിഎസ്ഐ പള്ളിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, പള്ളി അധികൃതര്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നഗരസഭയുടെ മുട്ടമ്പലം വൈദ്യൂതി ശ്മാശനത്തില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബിജെപി നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്.
മൃതദേഹവുമായി ആരോഗ്യവകുപ്പ് അധികൃതരും, പോലിസും, ജില്ലാ ഭരണകൂടവും സന്നദ്ധരായി എത്തിയപ്പോഴാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാരും നഗരസഭ അംഗം ടി എന്‍ ഹരികുമാറും രംഗത്തെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നഗരസഭ അധികൃതര്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഹരികുമാറും സമരക്കാരും വഴങ്ങിയില്ല. തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും, നഗരസഭ അധ്യക്ഷ ഡോ.പി ആര്‍ സോനയും സ്ഥലത്ത് എത്തി.
ഇതിനുശേഷം നടത്തിയ ചര്‍ച്ചയില്‍ മരിച്ച ഔസേപ്പിന്റെ മൃതദേഹം മാത്രം ഇവിടെ സംസ്‌കരിക്കാനും ഇതിനുശേഷം കൊവിഡ് ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ ഇവരുടെ മൃതദേഹം ഇവിടെ സംസ്‌കരിക്കില്ലെന്നും നിലപാട് സ്വീകരിച്ചു. ചര്‍ച്ചയില്‍ ഇത് അംഗീകരിച്ച കൗണ്‍സിലര്‍ വിഷയം നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും നാട്ടുകാര്‍ ഇതംഗീകരിച്ചില്ല. ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാരം നടത്തില്ലെന്നും മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കാനും തീരുമാനിച്ചു. പ്രതിഷേധം അയഞ്ഞതോടെ രാത്രി 11 മണിയോടെ വന്‍ പോലിസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.