കാര്‍ഷിക മേഖലയ്ക്കായി നബാര്‍ഡ് 2500 കോടിയുടെ വായ്പ അനുവദിച്ചു

കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ‘സുഭിക്ഷകേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് നബാര്‍ഡ് വായ്പ ഉപയോഗിക്കും.

Update: 2020-05-17 06:15 GMT

തിരുവനന്തപുരം: കൊവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് 2500 കോടി രൂപയുടെ വായ്പ അനുവദിച്ചു. വായ്പ ഏറ്റവും മികച്ച രീതിയില്‍ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച 'സുഭിക്ഷകേരളം' പദ്ധതി വിജയിപ്പിക്കുന്നതിന് നബാര്‍ഡ് വായ്പ ഉപയോഗിക്കും. കേരളത്തിന് ആകെ വകയിരുത്തിയ 2500 കോടി രൂപയില്‍ 1500 കോടിരൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക.

കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടി രൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടി രൂപ സ്വയം തൊഴില്‍, കൈത്തറി, കരകൗശലം, കാര്‍ഷികോല്പന്ന സംസ്കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധനമായി നല്‍കും.

Tags:    

Similar News