കാലാനുസൃത കാര്‍ഷികപുരോഗതിക്ക് നബാര്‍ഡിന്റെ ഇടപെടല്‍ വേണം: മുഖ്യമന്ത്രി
നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക അഭിവൃദ്ധിയില്ലാതെ കേരളവികസനം പൂര്‍ത്തിയാവില്ല. കാര്‍ഷികപ്രാധാന്യമുള്ള സംസ്ഥാനമാണെങ്കിലും ആധുനിക കൃഷിരീതികള്‍ വേണ്ടത്ര സ്വായത്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി കാര്‍ഷികരംഗം അഭിവൃദ്ധിപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടലുകള്‍ വേണം.
തിരുവനന്തപുരം: സംസ്ഥാനത്തിന് കാര്‍ഷികമേഖലയില്‍ കാലാനുസൃതമായ പുരോഗതി നേടാന്‍ നബാര്‍ഡിന്റെ ഫലപ്രദമായ ഇടപെടലും സഹായവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക അഭിവൃദ്ധിയില്ലാതെ കേരളവികസനം പൂര്‍ത്തിയാവില്ല. കാര്‍ഷികപ്രാധാന്യമുള്ള സംസ്ഥാനമാണെങ്കിലും ആധുനിക കൃഷിരീതികള്‍ വേണ്ടത്ര സ്വായത്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി കാര്‍ഷികരംഗം അഭിവൃദ്ധിപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടലുകള്‍ വേണം.
പ്രളയം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ അതിജീവിച്ച് ഭാവിയില്‍ ഏതു പ്രതിസന്ധിയും അതിജീവിക്കാനാകുന്ന കേരളം പുനര്‍നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. പ്രളയദുരന്തമുണ്ടായപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും തങ്ങള്‍ക്കുണ്ടായ ദുരന്തം പോലെയാണ് പ്രതികരിച്ചത്. അത്തരത്തില്‍ നബാര്‍ഡിന്റെ പ്രതികരണവും സഹകരണവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 2019-20 ലേക്കുള്ള നബാര്‍ഡിന്റെ സ്‌റ്റേറ്റ് ഫോക്കസ് പേപ്പറിന്റെയും മേഖലാ വികസന പദ്ധതികളുടെയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സുസ്ഥിര കാര്‍ഷികവികസനത്തിന് മികച്ച ഉല്‍പാദനത്തിനൊപ്പം മൂല്യവര്‍ധിത സാധ്യതകളും സുശക്തമായ വിപണന സംവിധാനവും ഒരുക്കാന്‍ നബാര്‍ഡ് പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പലിശരഹിതമോ, കുറഞ്ഞ പലിശയുള്ളതോ നൂലാമാലകളില്ലാത്തതോ ആയ വായ്പകള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
1,46,162.78 കോടി രൂപയാണ് 2019-20 ലേക്കുള്ള സ്‌റ്റേറ്റ് ഫോക്കസ് പേപ്പറില്‍ വായ്പാ സാധ്യതയായി നബാര്‍ഡ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴുശതമാനം അധികമാണ്. ഇതില്‍ 47 ശതമാനം കാര്‍ഷിക മേഖലയെയാണ് ലക്ഷ്യമാക്കുന്നത്. 69,303.34 കോടി രൂപയാണിത്. ആകെ വായ്പാസാധ്യതയില്‍ 28 ശതമാനമായ 41,091.07 കോടി രൂപ മൈക്രോ, ചെറുകിട, ഇടത്തരസംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനാവുമെന്നും നബാര്‍ഡ് കണക്കാക്കുന്നു.