കേരളത്തിലെ സാമ്പത്തിക തകർച്ച കൊവിഡിന്റെ തലയിൽ കെട്ടിവയ്ക്കരുത്: ചെന്നിത്തല
കോവിഡ് ഫണ്ടിൽ തട്ടിപ്പിന് ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഞ്ച് ലക്ഷം രൂപ ചിലവാക്കി ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കി.
തിരുവനന്തപുരം: കൊവിഡ് വരും മുമ്പേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകർന്ന അവസ്ഥയിലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക മാനേജ്മെന്റിലെ പാളിച്ച കോവിഡിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ജനുവരി മുതൽ മാർച്ച് വരെ 5000 രൂപയുടെ ബില്ല് പോലും മാറിയിട്ടില്ല. ശമ്പളവും സർവീസ് പെൻഷനുമൊഴികെ യാതൊരു ബില്ലും ട്രഷറിയിൽ നിന്ന് മാറിയിട്ടില്ല. അതിഭീകരമായ സാമ്പത്തിക തകർച്ച നേരിട്ട സമയമാണിത്. അനിയന്ത്രിതമായ ചെലവും വരുമാനമില്ലായ്മയും ധനകാര്യമാനേജ്മെന്റിലെ പിഴവുമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി കോവിഡിന്റെ തലയിൽ കെട്ടിവെക്കുകയാണ്. 20000 കോടി രൂപയാണ് കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. ഇതിൽ 14,000 കോടി കോൺട്രാക്ടർമാർക്ക് കൊടുക്കേണ്ട തുകയാണ്. സാലറി ചലഞ്ചിന് നിർബന്ധക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സാലറി ചലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ച് നിർബന്ധിച്ചു നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാൽ ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പുമില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, കോവിഡ് ഫണ്ടിൽ തട്ടിപ്പിന് ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഞ്ച് ലക്ഷം രൂപ ചിലവാക്കി ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കി. ഈ പ്രതിസന്ധി കാലത്താണോ ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അഞ്ച് ലക്ഷം ചെലവാക്കി ശുചീകരിക്കേണ്ടത്- അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കുടിപ്പകയാണെന്ന് ചെന്നിത്തല ആരോപിച്ചു. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്കുള്ള കുന്നായ്മ പുതിയ കാര്യമല്ല. അത് നമ്മളാരും വിചാരിച്ചാല്‍ തീര്‍ക്കാന്‍ കഴിയുന്നതല്ല. പ്രവാസികളുടെ കാര്യത്തിൽ മുല്ലപ്പള്ളി ഉന്നയിച്ചത് ശരിയായ ആരോപണമാണ്. കള്ളം പിടിക്കപ്പെട്ടപ്പോഴുള്ള വേവലാതിയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല ആരോപിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ സ്കീമിൽ (എൻഎച്ച്എം) കേന്ദ്ര സർക്കാർ നൽകുന്ന രണ്ടാം ഗഡുവായ 386.59 കോടി സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യസെക്രട്ടറിയും സംസ്ഥാന സർക്കാരിന് കത്ത് അയച്ചിരുന്നതായും ചെന്നിത്തല പറഞ്ഞു.