ദേശീയപാത വികസനം:വീണ്ടും കുടിയിറക്കലല്ല, എലിവേറ്റഡ് ഹൈവേയാണ് വേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ഇത്രയും വലിയ കുടിയൊഴിപ്പിക്കല്‍ ഉള്ള പദ്ധതി ആയിട്ടുപോലും സാമൂഹിക ആഘാത പഠനം പോലും നടത്താത്തത് നീതിയല്ല. ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അത് കവര്‍ന്നെടുക്കാന്‍ സര്‍ക്കാരിനെന്നല്ല ആര്‍ക്കും അധികാരമില്ല. ജനങ്ങളുടെ കയ്യില്‍ നിന്ന് ഭൂമി തട്ടി പറിച്ചെടുക്കുന്നത് പരിതാപകരമാണ്.

Update: 2019-03-13 14:30 GMT

കൊച്ചി: ഭൂമി വിലയും ജന, കെട്ടിട സാന്ദ്രതയും ഏറെ കൂടുതലുള്ള എറണാകൂളം ജില്ലയില്‍ 45 മീറ്റര്‍ വീതിയിലുളള ദേശീയ പാത വികസനത്തിനായി ജനങ്ങളെ ആവര്‍ത്തിച്ച് കുടിയൊഴിപ്പിക്കുന്നതിന് പകരം എലിവേറ്റഡ് ഹൈവേ എന്ന ബദല്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ദേശീയപാത വികസനത്തിന്റെ മറവില്‍ വീണ്ടും കുടിയിറക്കുന്നതിനെതിരെ ചേരാനെല്ലൂരില്‍ മത-ധര്‍മ്മസ്ഥാപന സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്രയും വലിയ കുടിയൊഴിപ്പിക്കല്‍ ഉള്ള പദ്ധതി ആയിട്ടുപോലും സാമൂഹിക ആഘാത പഠനം പോലും നടത്താത്തത് നീതിയല്ല. ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അത് കവര്‍ന്നെടുക്കാന്‍ സര്‍ക്കാരിനെന്നല്ല ആര്‍ക്കും അധികാരമില്ല. ജനങ്ങളുടെ കയ്യില്‍ നിന്ന് ഭൂമി തട്ടി പറിച്ചെടുക്കുന്നത് പരിതാപകരമാണ്. നിലവില്‍ ആറുവരിപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അവിടെ വികസനം സാധ്യമാക്കിയ ശേഷം മാത്രമേ അടുത്ത പദ്ധതിയെപ്പറ്റി ആലോചിക്കാന്‍ പാടുള്ളൂ.

ജീവിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. അത് എങ്ങനെയെങ്കിലും ജീവിക്കാനുള്ള അവകാശമല്ല. അന്തസായി ജീവിക്കാനുള്ള അവകാശമാണ്.ആഹാരം,വസ്ത്രം,പാര്‍പിടം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.തെരുവില്‍ കിടന്നുറങ്ങുകയെന്നതല്ല ഒരു പൗരന്റെ അന്തസായി ജീവിക്കാനുള്ള അവകാശം.മറിച്ച് അവന്റെ വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങുകയെന്നതാണ്.അല്ലാതെ എന്തെങ്കിലും ആഹാരം കഴിച്ച് എവിടെയെങ്കിലും കിടന്നുറങ്ങുകയെന്ന മൃഗതുല്യമായ അവസ്ഥയല്ല.വസ്തു കൈവശം വെയ്ക്കാനുള്ള അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.നിയമത്തിന്റെ ശരിയായ വഴിയിലൂടെ മാത്രമെ അവനെ ഇറക്കിവിടാന്‍ കഴിയുകയുള്ളു.പൊതു ആവശ്യമെന്ന് പറഞ്ഞാല്‍ പോര അത് ശരിയായ രീതിയിലുള്ള പൊതു ആവശ്യം തന്നെയായിരിക്കണം. വമ്പന്‍ പണക്കാര്‍ക്കു വേണ്ടിയുള്ളത് പൊതു ആവശ്യമായി മാറുകയാണോയെന്നും ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു.ഗതാഗതത്തിനായി റോഡുകള്‍ വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം വേണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.രാഷ്ട്രീയപാര്‍ട്ടികള്‍ അനേകം കുടുംബങ്ങളെ ബാധിക്കുന്ന ഇത്തരം ജനകീയ പ്രശ്‌നങ്ങളിലാണ് ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഫാദര്‍ പ്രസാദ് ജോസ് കാനപ്പിള്ളി അധ്യക്ഷതവഹിച്ചു.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളാണ് ഇടപ്പള്ളി, വൈറ്റില എന്നിവ. അവിടെ പോലും ആലോചിക്കാത്ത ക്ലാവര്‍ ലീഫ് മോഡല്‍ പദ്ധതി ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ ജംഗ്ഷനില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ചേരാനല്ലൂര്‍ ജമാഅത്ത് പ്രസിഡന്റ്് വി എസ് സെയ്തുമുഹമ്മദ് എസ് എന്‍ ഡി പി നേതാവ് അഭിലാഷ്, ഇടപ്പള്ളി ജമാഅത്ത് പ്രസിഡന്റ്് അബ്ദുല്‍ റഷീദ്,ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് സോണി ചീക്കു, അബൂബക്കര്‍ അല്‍ഖാസിമി, ടി കെ ബുഖാരി, ഷാജഹാന്‍ സഖാഫി സംസാരിച്ചു.

 

Tags:    

Similar News