ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

സര്‍വകലാശാലകളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുന്നതായിരിക്കണം. ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. നല്ലതിനെ മാത്രം ഉള്‍ക്കൊള്ളുന്ന ഫാക്കല്‍റ്റികള്‍ വേണം

Update: 2021-02-01 09:56 GMT

കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സര്‍വകലാശാലകളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുന്നതായിരിക്കണം. ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. നല്ലതിനെ മാത്രം ഉള്‍ക്കൊള്ളുന്ന ഫാക്കല്‍റ്റികള്‍ വേണം. ഇതില്‍ സര്‍ക്കാരിന് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. അതിനാവശ്യമായ മുഴുവന്‍ സഹായവും സര്‍ക്കാര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനത്തിനായി കാലാനുസൃതമായ കോഴ്‌സുകള്‍ രാജ്യത്തെ മറ്റു സ്ഥാപനങ്ങളില്‍ വന്നു കഴിഞ്ഞു. നമുക്കും അത്തരം കോഴ്‌സുകള്‍ തുടങ്ങാനാകണം. നിലവില്‍ നമ്മുടെ കുട്ടികള്‍ അത്തരം കോഴ്‌സുകള്‍ തേടി അതുള്ള സ്ഥലത്തേക്ക് പോകുകയാണ്. അതിന് മാറ്റമുണ്ടാക്കണം. ആവശ്യമായ പുതിയ കോഴ്‌സുകളും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളും കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസം കഴിയുമ്പോള്‍ തൊഴില്‍ തേടുന്നതിനാവശ്യമായ നൈപുണ്യവും നേടിയിരിക്കണം. അതിനു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളാക്കി വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കണം. അതിനുള്ള സാഹചര്യവും വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മുടെ നാട്ടില്‍ വലിയ രീതിയില്‍ നടക്കുന്ന വ്യവസായങ്ങളുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കാന്‍ യൂനിവേഴ്‌സിറ്റി തലവന്‍മാര്‍ ശ്രദ്ധിക്കണം. അതും കൂടി ഉള്‍പ്പെടുത്തി വേണം കോഴ്‌സുകള്‍ക്ക് രൂപം നല്‍കാന്‍. വിദ്യാര്‍ഥികളെല്ലാം തന്നെ തൊഴില്‍ അന്വേഷകരല്ല. തൊഴില്‍ ദാതാക്കള്‍ കൂടിയാകണം. അതിനായി ഓരോ സ്ഥാപനത്തിലും വിദ്യാര്‍ഥികള്‍ ഒറ്റക്കും കൂട്ടമായും സ്റ്റാര്‍ട്ട് അപുകള്‍ ആരംഭിക്കണം. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് സംരംഭകത്വത്തിന്റെ താല്‍പര്യം കൂടുതലായി വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം നമ്മുടെ നാട് ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്താനും കഴിയണം. അത് ഒരു വിജ്ഞാന സമൂഹമാക്കി മാറ്റണം.

ആ തരത്തിലുള്ള ലക്ഷ്യത്തോടെയാണ് നീങ്ങാനുദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനു വലിയ പ്രാധാന്യം നല്‍കണം. ഗവേഷണ തല്പരരായ വിദ്യാര്‍ത്ഥികളുടെ സമൂഹം സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. അത്തരം ഗവേഷണങ്ങള്‍ വിവിധ മേഖലകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതാകണം. സമ്പദ്ഘടനക്ക് പുതിയ മാനങ്ങള്‍ നല്‍കി വികസന കുതിപ്പിലേക്ക് നാടിനെ നയിക്കാന്‍ ഈ ഗവേഷണ സ്ഥാപനങ്ങള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു.ഇന്റര്‍നെറ്റ് വ്യാപകമായെങ്കിലും ഒരു വിഭാഗം ആളുകള്‍ക്ക് ഇത് ഇപ്പോഴും അപ്രാപ്യമാണ്. ഇത്തരത്തിലുള്ള ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനുള്ള ബൃഹത് പദ്ധതിയാണ് കെ- ഫോണ്‍. ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കും പ്രവേശനം നിഷേധിക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News