നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണ റിപോര്‍ട്ട് പൂഴ്ത്തി
കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്വേഷണം നടത്തി എഡിജിപി ലോ ആന്റ് ഓഡര്‍, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പില്‍ എത്താതെ കിടക്കുന്നത്.
തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണം കേസില്‍ പോലിസിന്റെ വകുപ്പ്തല അന്വേഷണ റിപോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു. ആറ് മാസം മുന്‍പ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തിയ വകുപ്പ്തല അന്വേഷണ റിപോര്‍ട്ടില്‍, റേഞ്ച് ഡിഐജി അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് പറയുന്നത്. ഇതിലാണ് തുടര്‍നടപടിയില്ലാത്തത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്വേഷണം നടത്തി എഡിജിപി ലോ ആന്റ് ഓഡര്‍, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടാണ് ആഭ്യന്തര വകുപ്പില്‍ എത്താതെ കിടക്കുന്നത്.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ലാലിസ് അതിക്രമങ്ങള്‍ കൃത്യമായി പറയുന്നതായിരുന്നു കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തില്‍ എസ്പി കെ ബി വേണുഗോപാലിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു. ഡിവൈഎസ്പി ഷംസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ എ അബ്ദുള്‍ സലാം എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിത ഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം പോലിസ് സ്റ്റേഷന്റെ വിശ്രമ മുറിയില്‍ ക്രൂരമായ മര്‍ദനത്തിനിരയാക്കുകയായിരുന്നു. 16-ന് കോടതിയില്‍ ഹാജരാക്കി പീരുമേട് ജയിലിലേക്കു റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍, ജൂണ്‍ 21-ന് പീരുമേട് സബ് ജയിലില്‍ വെച്ച് മരണപ്പെടുകയായിരുന്നു.