നെടുങ്കണ്ടം കസ്റ്റഡി മരണം: സിബിഐ അറസ്റ്റു ചെയ്ത എഎസ്‌ഐ മാരടക്കം ആറു പ്രതികള്‍ക്ക് ജാമ്യം
പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സിബിഐ മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ് പ്രാഥമികമായി തന്നെ നിയമപരമല്ലെന്നും കോടതി വിലയിരുത്തി
കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ രണ്ട് എ എസ് ഐ മാരടക്കമുള്ള ആറു പേര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.നേരത്തെ ഇവര്‍ക്ക് അനുവദിച്ച ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റു ചെയ്ത സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റു ചെയ്ത കേസിലെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി വീട്ടില്‍ സി ബി റജിമോന്‍ (48), സിവില്‍ പോലിസ് ഓഫീസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ് നിയാസ് (33), നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊക്കല്‍ വീട്ടില്‍ കെ എം ജെയിംസ് (52), സിവില്‍ പോലിസ് ഓഫിസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ ജോര്‍ജ് (31), അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഇടുക്കി കൊത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി വര്‍ഗീസ് (54) എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സിബിഐ മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ് പ്രാഥമികമായി തന്നെ നിയമപരമല്ലെന്നും കോടതി വിലയിരുത്തി.അതുകൊണ്ട് കേസ് പരിഗണിക്കുന്ന അടുത്ത ദിവസം വരെ പ്രതികളെ ഇടക്കാല ജാമ്യത്തില്‍ വിടുന്നതായും കോടതി വ്യക്തമാക്കി. സിബി ഐ അറസ്റ്റു ചെയ്ത പ്രതികളെ എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് റിമാന്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയ ഉത്തരവ് പരിഗണിച്ചാണ് സിജെഎം കോടതി കേസിലെ മറ്റു പ്രതികളെ റിമാന്റ് ചെയ്തത്.
പ്രതികള്‍ക്കെതിരേയുള്ള ജാമ്യം റദ്ദാക്കിയിട്ടില്ലെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നു മാത്രം സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നലെ വിശദമായ വാദം കേട്ടതിനുശേഷം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി ഉത്തരവിട്ടു. തുടര്‍ന്ന് ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.പ്രതികള്‍ക്ക് 40,000 രൂപയ്ക്ക് തുല്യമായ രണ്ടുപേരുടെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. പ്രതികള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാലകൃഷ്ണകുറുപ്പ്, അഭിഭാഷകരായ കെ എസ് അരുണ്‍ദാസ്, അഭിഷേക് കുര്യന്‍ ഹാജരായി.