പ്രവാസി മടക്കം:നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ക്രൂരത:മുല്ലപ്പള്ളി

വരുമാനവും തൊഴിലും നഷ്ടപ്പെട്ട പ്രവാസികള്‍ തികച്ചും നിസഹായരാണ്. മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇവരെ ദ്രോഹിക്കുകയാണ്.

Update: 2020-06-14 11:00 GMT

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രവാസികള്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും അപ്രയോഗികവുമാണ് 48 മണിക്കൂര്‍ മുമ്പായി പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്.പല ഗള്‍ഫുനാടുകളില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അതീവ പ്രയാസമുണ്ട്. വരുമാനവും തൊഴിലും നഷ്ടപ്പെട്ട പ്രവാസികള്‍ തികച്ചും നിസഹായരാണ്. മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇവരെ ദ്രോഹിക്കുകയാണ്.

പ്രവാസി സംഘടനകളുടെ കാരുണ്യത്തില്‍ ലഭിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്താമെന്ന മോഹമാണ് ഇതോടെ ഇല്ലാതാകുന്നത്. പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് എങ്ങനെയും തടയാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. രോഗവ്യാപനം തടയാനുള്ള മുന്‍കരുതലുകളും ആരോഗ്യ പരിശോധനയും നടത്തി മറ്റു ഫ്‌ളൈറ്റുകളില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പോലെ ഇവരെയും കൊണ്ടുവരാനാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ വിഷയത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വ്യത്യസ്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയെങ്കില്‍ മാത്രമെ യാത്രാനുമതി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രി നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വാദിച്ച മുഖ്യമന്ത്രിയാണ് സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തലാക്കി ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന നിലപാട് സ്വീകരിച്ചത്. തുടര്‍ച്ചയായി പ്രവാസികളോട് ഇരട്ടനീതിയാണ് മുഖ്യമന്ത്രി കാട്ടുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് എത്രയും പെട്ടന്ന് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Tags:    

Similar News