യൂത്ത് കോണ്‍ഗ്രസില്‍ പുനസ്സംഘടന വേണം; ഡീന്‍ കുര്യാക്കോസിനും സി ആര്‍ മഹേഷിനും മാത്യു കുഴല്‍നാടന്റെ തുറന്ന കത്ത്

രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പമുണ്ടാവുമെന്നു പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ടില്ലാത്ത ക്ഷീണമൊന്നും ഇനിയുണ്ടാവാന്‍ പോവുന്നില്ലെന്ന് പറയണമെന്നും കുഴല്‍നാടന്‍ പരിഹസിക്കുന്നു.

Update: 2019-10-26 18:21 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസില്‍ പുനസ്സംഘടന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡോ.മാത്യു കുഴല്‍നാടന്‍. ഏഴുവര്‍ഷമായി സംഘടനയില്‍ പുനസ്സംഘടന നടത്താത്തത് ഒരു തലമുറയോട് കാണിക്കുന്ന വലിയ അനീതിയാണെന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസിനും സി ആര്‍ മഹേഷിനുമായി എഴുതിയ തുറന്ന കത്തില്‍ കുഴല്‍നാടന്‍ വ്യക്തമാക്കി. ഞങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന പതിവ് പ്രതികരണം വേണ്ട.

കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യാത്തതുകൊണ്ടാണെന്ന ന്യായീകരണവും സ്വീകാര്യമല്ല. കാരണം, അവര്‍ക്ക് ഇക്കാര്യത്തോടുള്ള സമീപനം നമുക്കുതന്നെ നന്നായി അറിവുള്ളതാണല്ലോ. രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പമുണ്ടാവുമെന്നു പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ടില്ലാത്ത ക്ഷീണമൊന്നും ഇനിയുണ്ടാവാന്‍ പോവുന്നില്ലെന്ന് പറയണമെന്നും കുഴല്‍നാടന്‍ പരിഹസിക്കുന്നു. ഡോ. മാത്യൂ കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ഡീന്‍ കുര്യാക്കോസിനും സി ആര്‍ മഹേഷിനും ഒരു തുറന്ന കത്ത്,

കണ്ണൂരില്‍ എന്‍ജിഒ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് റൂമില്‍വന്ന് കയറിയതേ ഉള്ളൂ. അവിടെ ഉണ്ടായ ഒരു പരാമര്‍ശമാണ് ഇത് എഴുതാന്‍ പ്രേരകമായത്. ബഹുമാന്യനായ കെ സി ജോസഫ് എംഎല്‍എ പ്രസംഗമധ്യേ കെഎസ്‌യു പ്രസിഡന്റ് അഭിജിത്തിനെ ഇരുത്തിക്കൊണ്ട്, അഭിജിത്തിന് വിഷമം തോന്നിയിട്ട് കാര്യമില്ലാ എന്ന് പറഞ്ഞിട്ട് പറഞ്ഞു. 'ഇന്ന് കോണ്‍ഗ്രസില്‍ കെഎസ്‌യുവിനേക്കാളും യൂത്ത് കോണ്‍ഗ്രസ്സിനേക്കാളും ശക്തിയുള്ള സംഘടന എന്‍ജിഒ അസോസിയേഷനാണ്' തിര്‍ച്ചയായും എന്‍ജിഒ അസോസിയേഷന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. അതിന് പിന്നാലെ മറ്റൊരു നേതാവ് (പേര് പരാമര്‍ശിക്കുന്നില്ല), യൂത്ത് കോണ്‍ഗ്രസ്സിലേക്കാളും യുവാക്കള്‍ നമുക്കൊപ്പമാണ് എന്നതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ചെയ്യാത്ത പണി നമ്മള്‍ ചെയ്യണമെന്ന് പറയുകയുണ്ടായി.

അദ്ദേഹം യൂത്ത് കോണ്‍ഗ്രസ്സിനെ ഇകഴ്ത്താന്‍ പറഞ്ഞതല്ല, പക്ഷെ യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയുടെ ദയനീയാവസ്ഥയാണ് നേതാക്കള്‍ ഏകകണ്ഠമായി സൂചിപ്പിച്ചത്. ഒരു മുന്‍കാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവുമെന്ന നിലയില്‍ വല്ലാത്ത വിഷമം തോന്നി. ഇത്രയും അപമാനം ഈ സംഘടന അര്‍ഹിക്കുന്നില്ല. കേരള രാഷ്ട്രീയത്തില്‍ രാജകീയമായ ചരിത്രവും അഭിമാനകരമായ പാരമ്പര്യവുമുള്ള സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്. ഇനിയും നിങ്ങള്‍ ഇതിനെ ഇതിലേറേ തളര്‍ത്തരുത്. 7 വര്‍ഷമാവുന്നു പുനസ്സസംഘടന നടത്തിയിട്ട്. താഴെയുള്ള ഒരു തലമുറയോട് കാണിക്കുന്ന വലിയ അനീതിയാണ്. ഞങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന പതിവ് പ്രതികരണം വേണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യാത്തതുകൊണ്ടാണ് എന്ന ന്യായീകരണവും സ്വീകാര്യമല്ല. കാരണം, അവര്‍ക്ക് ഇക്കകാര്യത്തോടുള്ള സമീപനം നമുക്കുതന്നെ നന്നായി അറിവുള്ളതാണല്ലോ.

12 വര്‍ഷം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന നടത്താന്‍ തയ്യാറാവാതിരുന്നിട്ട്, ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നവരാണ് അവര്‍. അതിനിടയില്‍ എത്ര തലമുറകളെയാണ് അവര്‍ ഇല്ലാതാക്കിയത്. ഒരായുസ് ഈ പ്രസ്ഥാനത്തിനുവേണ്ടി പണിയെടുത്തിട്ട് ഒന്നുമാവാന്‍ കഴിയാതെ കണ്ണീരും കൈയുമായി ഒഴിഞ്ഞുപോവേണ്ടിവന്നവര്‍. അവര്‍ ഒരുപാട് പേര്‍ ഈ പ്രസ്ഥാനത്തെ മനസുകൊണ്ടെങ്കിലും ശപിച്ചിട്ടുണ്ടാവും. ഇനിയും അതുണ്ടാവരുത്. ഞാന്‍ മൂന്നാം വര്‍ഷം എല്‍എല്‍ബിക്ക് പഠിക്കുമ്പോള്‍ വ്യദ്ധനേതൃത്വം മാറണമെന്നാവശ്യപ്പെട്ട് കെഎസ്‌യു കൂട്ടായ്മയുമായി രംഗത്തുവന്ന് അന്നത്തെ നേതൃത്വത്തിനെതിരേ പറഞ്ഞ വ്യക്തിയാണ്.

പിന്നീട് പുനസ്സംഘടന നടന്നപ്പോള്‍ അന്ന് കെഎസ്‌യു സംസ്ഥാന ഭാരവാഹിയായിരുന്ന ഒരാള്‍ക്കുപോലും കെഎസ്‌യു പ്രസിഡന്റാവാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, പ്രായാധിക്യം കാരണം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി പോലുമാവാന്‍ കഴിയാതെ പോയി. അന്നത്തെ അവരുടെ വേദന നേരിട്ട് കണ്ടതാണ് ഞാന്‍. ഇനിയും അങ്ങനെ ഒരു ദുര്യോഗം മറ്റൊരു തലമുറയ്ക്കുണ്ടാക്കരുത്. നിങ്ങള്‍ രണ്ടുപേരും രാജിവച്ച് യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. നിങ്ങള്‍ രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പവും ക്ഷീണവുമുണ്ടാവുമെന്ന് പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ടില്ലാത്ത ക്ഷീണമൊന്നും ഞങ്ങള്‍ രാജിവച്ചാല്‍ ഉണ്ടാവില്ലെന്ന് പറയണം. അടുത്ത കാലത്ത്, പി സി വിഷ്ണുനാഥിനുശേഷം ഈ സംഘടനയുടെ തലപ്പത്തിരുന്നതിന്റെ പേരില്‍ ഏറ്റവും വലിയ നേട്ടം ലഭിച്ച വ്യക്തിയാണ് ഡീന്‍ എന്നത് വിസ്മരിക്കരുത്.

കഴിവും ആവേശവുമുള്ള ഒരു തലമുറ അവസരത്തിനുവേണ്ടി കാത്തുകേണ് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.. ? ഇനിയും അവരുടെ ക്ഷമ പരിശോധിക്കരുത്. ഞാനടക്കം നമ്മുക്ക് ഒക്കെ മൂന്നും നാലും അവസരങ്ങള്‍ കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും ലഭിച്ചവരാണ്. ഇത് അവരുടെ അവകാശമാണ്. ഈ വിഷയത്തില്‍ ഞാനവരോടൊപ്പമാണ്. എന്നേക്കാളും ഇത് പറയാന്‍ യോഗ്യതയും ധാര്‍മിക കടമയുമൊക്കെ ഉള്ളവര്‍ പറയട്ടെയെന്ന് കരുതിയതാണ്. എന്നാല്‍, ഇത് പറയാതെ പോയാല്‍ ചരിത്രം എന്നെയും ഈ പാതകത്തില്‍ പങ്കാളിയാക്കുമെന്ന് എന്റെ മനസ്സാക്ഷി പറയുന്നു. വ്യക്തിപരമായ സ്‌നേഹബഹുമാനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നുകൂടി ചേര്‍ക്കട്ടെ... 

Full View


Tags:    

Similar News