പുനസംഘടന: ബിജെപി നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍
പാര്‍ട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ച് ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കുന്ന തന്നെ സംസ്ഥാന ഉപാധ്യക്ഷയായി നിയമിച്ചു. തന്റെ അനുവാദമില്ലാതെയായിരുന്നു പ്രഖ്യാപനം.
പാലക്കാട്: പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ശീതസമരത്തിലായിരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി രംഗത്ത്. ബിജെപി ദേശീയ നേതാവും കേന്ദ്ര വിദേശകാര്യസഹമന്ത്രിയുമായ വി മുരളീധരന്‍ പക്ഷവുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ശോഭാ സുരേന്ദ്രന്‍ പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി പുനസംഘടനയില്‍ സംസ്ഥാന വൈസ് പ്രസിഡന്റായി ശോഭയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ശോഭ പൊതുരംഗത്തുനിന്ന് അപ്രത്യക്ഷയായത്.
ബിജെപിയുടെ സമരപരിപാടികളിലെയും ടെലിവിഷന്‍ ചര്‍ച്ചകളിലെയും സജീവസാന്നിധ്യമായിരുന്ന ശോഭയുടെ വിട്ടുനില്‍ക്കല്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായി. ഇതോടെ പൊതുരംഗത്ത് സജീവമാവാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാറില്‍ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സഹോദരിമാരുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയപ്പോഴാണ് പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തിയുണ്ടെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായും ശോഭ വ്യക്തമാക്കി. തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. നിലപാടുകള്‍ പരസ്യമായി പറയുന്ന വ്യക്തിയാണ് താന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായി ഒ രാജഗോപാലിനോടും പി കെ കൃഷ്ണദാസിനുമൊപ്പം ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുകയും സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന പദവി ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണ് സംഘടനാ തിരഞ്ഞെടുപ്പ് വരുന്നത്. പുതിയ അധ്യക്ഷനെ നിയമിച്ചു. അതെത്തുടര്‍ന്ന് പാര്‍ട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ച് ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കുന്ന തന്നെ സംസ്ഥാന ഉപാധ്യക്ഷയായി നിയമിച്ചു. തന്റെ അനുവാദമില്ലാതെയായിരുന്നു പ്രഖ്യാപനം.
അതെത്തുടര്‍ന്ന് ചില സംഘടനാപ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അറിയിക്കേണ്ട ആളുകളുമായി വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. പൊതുസമൂഹത്തിന് മുന്നില്‍ ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകയെന്ന രീതിയില്‍ ഒരു വിഴുപ്പലക്കലിനും തയ്യാറല്ലെന്ന് ശോഭാ സുരേന്ദ്ര വിശദീകരിച്ചു. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വളരെ പരിണിതപ്രജ്ഞരായ സംസ്ഥാന നേതൃത്വം അടക്കം ഒത്തുചേര്‍ന്ന് ഉചിതമായ തീരുമാനമെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഇത്തരം തര്‍ക്കങ്ങളുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ട് സംസ്ഥാന അധ്യക്ഷന്‍ മുന്നോട്ടുപോവും.
പൊതുപ്രവര്‍ത്തനമെന്നത് ജനങ്ങള്‍ക്കിടയില്‍ നടത്തേണ്ട പ്രവര്‍ത്തനമാണെന്നും അതാണ് താന്‍ വാളയാറിലെത്തിയതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വി മുരളീധരന്‍ ഗ്രൂപ്പുമായി ഇടഞ്ഞതോടെയാണ് ശോഭ പാര്‍ട്ടിക്കുള്ളില്‍ ശീതസമരം തുടങ്ങിയത്. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവി പ്രതീക്ഷിച്ചിരുന്ന ശോഭയെ സംബന്ധിച്ചിടത്തോളം ഈ നീക്കങ്ങള്‍ അപ്രതീക്ഷിതമായിരുന്നു.
ഇതോടെയാണ് പൊതുരംഗത്തുനിന്നും ചാനല്‍ ചര്‍ച്ചകളില്‍നിന്നും പിന്‍വലിഞ്ഞ് നേതൃത്വത്തിന്നെതിരെ ശീതസമരവുമായി ശോഭ രംഗത്തുവന്നത്. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ശോഭ മല്‍സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഒരുവിഭാഗം അവാകാശപ്പെടുന്നത്. പാലക്കാട് നിന്നും വി മുരളീധരന്‍ ഗ്രൂപ്പാണ് ശോഭയുടെ പേര് വെട്ടിയത്. ശോഭയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാലക്കാട് സീറ്റ് ഒഴിവാക്കി ആറ്റിങ്ങല്‍ ലോക്സഭാ സീറ്റ് പാര്‍ട്ടി നേതൃത്വം ശോഭയ്ക്ക് നല്‍കിയതെന്നാണ് വിമര്‍ശനം.