ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവന; ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടും
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവനയില്‍ മുന്‍ എംഎല്‍എ ഇ എസ് ബിജിമോളോട് വിശദീകരണം തേടും. സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് ബിജിമോള്‍ വിശദീകരിക്കണം. തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നായിരുന്നു ബിജിമോളുടെ വിമര്‍ശനം. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍ രംഗത്തെത്തിയത്.
പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയില്‍ വനിതാ സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നായിരുന്നു വിമര്‍ശനം. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂര്‍വം പറയേണ്ടിവരും. ഒരു സ്ത്രീയെന്ന നിലയില്‍ വനിതാ സെക്രട്ടറി പദവിയിലേയ്ക്ക് തന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന ആവശ്യമില്ലെന്നു പറയുകയും തന്നെ അപമാനിക്കാന്‍ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ, തളര്‍ന്നുപോവില്ല. കൂടുതല്‍ കരുത്തോടെ മുന്നേറും.
സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ഏത് പൊന്നുതമ്പുരാനായാലും അവരോട് തനിക്കെന്നും ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ ഇറവറന്‍സാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട് സ്‌പോക്കണുമാവും തിരുമേനിമാരെ. കാരണം ഇത് ജനുസ് വേറെയാണ്- ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ബിജിമോള്‍ക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെക്കുറിച്ച് ഇത്തരത്തില്‍ വിമര്‍ശനമുന്നയിച്ചത് ദൗര്‍ഭാഗ്യകരമായിപോയെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ പറഞ്ഞു.