അവിശ്വാസപ്രമേയം അസംബ്ലിയില്‍; ഇംറാന്‍ഖാന് ഇന്ന് ഏറെ നിര്‍ണായകം

ഏതാനും ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എംപിമാരും ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന.

Update: 2022-03-25 03:58 GMT

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം. ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ദേശീയ അംസബ്ലി പരിഗണിക്കും.ഏതാനും ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എംപിമാരും ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന. ഭരണകക്ഷിയിലെ മൂന്നു പ്രധാനപാര്‍ട്ടികള്‍ പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അവിശ്വാസപ്രമേയത്തില്‍ ഇംറാന്‍ ഖാനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാന്‍ ഭരണഘടനാ സാധുത തേടി പാക് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകക്ഷിയിലെ മൂന്നു പാര്‍ട്ടികള്‍ തന്നെ ഇംറാന്‍ ഖാനെ കൈവിട്ടത്.

മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്താന്‍ (എംക്യുഎം പി), പാകിസ്താന്‍ മുസ്ലിം ലീഗ് ക്യു, ബലൂചിസ്താന്‍ അവാമി പാര്‍ട്ടി എന്നിവയാണ് പ്രതിപക്ഷവുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ പട്ടാളത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതും ഇംറാന്‍ ഖാന് തിരിച്ചടിയാവും. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ഇംറന്‍ ഖാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇവര്‍ ഇന്ന് നടക്കുന്ന അടിയന്തിര പ്രമേയത്തെ പിന്താങ്ങുമെന്നാണ് സൂചന. അതേസമയം താന്‍ രാജിവെയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇംറാന്‍ ഖാന്‍.

ഇന്ന് രാവിലെ 11ന് പാര്‍ലമെന്റ് സമ്മേളനം ചേരും. ദേശീയ അസംബ്ലിയുടെ 41ാമത് സെഷനാണിത്. മാര്‍ച്ച് 21നകം ദേശീയ അസംബ്ലി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയിലെ നൂറോളം നിയമസഭാംഗങ്ങള്‍ മാര്‍ച്ച് എട്ടിനാണ് ദേശീയ സെക്രട്ടറിയേറ്റിന് മുന്‍പാകെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയ്ക്കും പണപ്പെരുപ്പത്തിനും വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം.

അവിശ്വാസ പ്രമേയത്തിന് മുമ്പ് രാജിവെയ്ക്കില്ലെന്നും ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു. 'ഒരു സാഹചര്യത്തിലും രാജിവയ്ക്കില്ല, അവസാന പന്ത് വരെ കളിക്കും. അവര്‍ ഇപ്പോഴും സമ്മര്‍ദ്ദത്തിലാണ്. ഞാന്‍ ഇതുവരെയും കാര്‍ഡുകളൊന്നും ഉപയോഗിച്ചില്ലെന്നതാണ് തന്റെ തുറുപ്പുചീട്ട്. അവിശ്വാസ പ്രമേയത്തില്‍ ഞാന്‍ എല്ലാവരേയും അത്ഭുതപ്പെടുത്തും' എന്നാണ് ഇംറാന്‍ ഖാന്‍ പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പനിരക്കും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കാണിച്ചാണ് പ്രതിപക്ഷം പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പാര്‍ട്ടിയിലെ വിമതര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ ഇംറാന് രാജിയല്ലാതെ മറ്റുവഴികളില്ല. അവിശ്വാസപ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിര്‍ണായകമാണ്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും.

Tags:    

Similar News