രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം: തലയോട്ടി തകര്‍ന്ന് രണ്ട് വയസുകാരി ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസ്സുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി.
തൃക്കാക്കര: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ രണ്ട് വയസ്സുകാരി ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയോട്ടി തകര്‍ന്ന് സാരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിലാണ്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസ്സുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നല്‍കിയ മൊഴി എന്നാല്‍ കുഞ്ഞിനെ മര്‍ദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു.
ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പോലിസിനെ വിവരം അറിയിക്കുകയും പോലിസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. ഇതോടെയാണ് രണ്ടാനാച്ഛനാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് എന്ന് വ്യക്തമായത്. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പോലിസ് അയല്‍വാസികളുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പോലിസ് പറയുന്നു. കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്.
കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏല്‍പ്പിച്ച പരിക്കാണ് എന്നാണ് അമ്മ നല്‍കുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോള്‍ പൊള്ളിയെന്നാണ് അവര്‍ പറയുന്നത്.