പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 14 വര്‍ഷം കഠിനതടവ്
മാറനല്ലൂര്‍ സ്വദേശിയായ 44 കാരനെയാണ് കോടതി കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛനെ 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദന്‍.മാറനല്ലൂര്‍ സ്വദേശിയായ 44 കാരനെയാണ് കോടതി കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2006ല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് മരിച്ച യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. യുവതി സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയ സമയത്താണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്.
എന്നാല്‍, യുവതിയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. അതിനിടെ പോലിസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസില്‍ ഒളിവില്‍പ്പോയ പ്രതി ആറുമാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയും അമ്മയും കോടതിയില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയ ആശുപത്രിയിലെ രേഖകളും ഗര്‍ഭച്ഛിദ്രം ചെയ്ത ആശുപത്രിയിലെ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും ഗോപിക ഗോപാലും ഹാജരായി. മാറനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എസ്.അനില്‍കുമാര്‍, സി.ശ്രീകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.