കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
തൃശൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. 18ാം തീയ്യതി രാവിലെയാണ് ഐശ്വര്യയെ കാണ്ടാതായത്. അമ്മ ജോലിക്ക് പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന ഐശ്വര്യയെ പിന്നീട് കാണാതാവുകയായിരുന്നു. തൃശൂരിലെ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുന്ന ഐശ്വര്യ ആലപ്പാട് കുഴിത്തുറ സ്വദേശിയാണ്.
മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മ ഷീജയാണ് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓൺലൈൻ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ ഷീജ പോലിസിനോട് പറഞ്ഞിരുന്നു. കാണാതായതിനു ശേഷം ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പോലിസ് നടത്തിയ അന്വേഷണത്തിൽ ഇരുചക്രവാഹനത്തിൻ കയറി പോകുന്ന ഐശ്വര്യയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമാവുകയും പിന്നീട് യുവതി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വരെ എത്തിയതായും പോലിസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ യുവതി തൃശൂരിലെ ധ്യാന കേന്ദ്രത്തിൽ ഉണ്ടെന്ന് വിവരം ലഭിച്ചു.