ശിവസേനയിലെ വിമത എം.എല്‍എമാരെ അയോഗ്യരാക്കാന്‍ നീക്കം; നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ഫഡ്‌നവിസ് ഡല്‍ഹിയില്‍

. അതിനിടെ, നിയമസഭയില്‍ വിശ്വാസം തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ശരദ് പവാര്‍.

Update: 2022-06-23 19:19 GMT

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ ശിവസേനയിലെ വിമത എംഎല്‍എമാരെ അയോഗ്യാരാക്കാന്‍ നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേതാണ് തീരുമാനം. അതിനിടെ, നിയമസഭയില്‍ വിശ്വാസം തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ശരദ് പവാര്‍. മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയതോടെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 40 നിയമസഭാംഗങ്ങള്‍ തനിക്കൊപ്പമുണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ അവകാശവാദം. 55 അംഗ ശിവസേനയുടെ 33 എംഎല്‍എമാരും സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഏഴ് സ്വതന്ത്രന്മാരും വിമത ഗ്രൂപ്പിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ശിവസേനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും എന്‍സിപിയും രംഗത്തുണ്ട്. തങ്ങള്‍ ഉദ്ധവ് താക്കറയ്‌ക്കൊപ്പം നില്‍ക്കുകയാണെന്ന് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വ്യക്തമാക്കി. തങ്ങള്‍ ഉദ്ധവ് താക്കറെയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യുമെന്നും പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അസമിലെ ഗുവാഹത്തി നഗരത്തിലെ ഒരു ഹോട്ടലില്‍ ക്യാമ്പ് ചെയ്യുന്ന വിമത എംഎല്‍എമാരുടെ നീക്കങ്ങള്‍ എന്താണെന്നുള്ളത് എന്‍.സി.പി നിരീക്ഷിച്ചു വരികയാണ്. 41 ഓളം എംഎല്‍എമാരുമായി ഗുവാഹത്തിയില്‍ ക്യാംപ് ചെയ്യുകയാണ് ഷിന്‍ഡെ. കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യം വേര്‍പെടുത്തണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം.

എന്നാല്‍, മഹാ വികാസ് അഘാഡിയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അതിനിടെ, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് ഡല്‍ഹിയിലെത്തി.

മുംബൈയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം പാര്‍ട്ടി ഉന്നതനേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് തിരിച്ചത്. ഇതിനിടെ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നല്‍കിക്കൊണ്ടുള്ള ഫ്‌ളെക്‌സുകള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നല്‍കുന്ന പോസ്റ്ററാണ് ഔറംഗാബാദില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്. 'മൗലി ദേവീ, അവിടുത്തെ അനുഗ്രഹം ഞങ്ങള്‍ക്ക് തുടര്‍ന്നും ഉണ്ടാകട്ടെ. മുഖ്യമന്ത്രിയായതിന് ശേഷം ദേവേന്ദ്രജി പന്ധര്‍പുരില്‍ വന്ന് നിങ്ങള്‍ക്കുമുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ഇടവരട്ടെ', ഔറംഗാബാദില്‍ പ്രത്യക്ഷപ്പെട്ട ഫഌ്‌സില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Similar News