ശിവാജി പാര്‍ക്കില്‍ ദസറ റാലിക്ക് അനുമതി നല്‍കണം; ഹരജി സമര്‍പ്പിച്ച് ശിവസേന
മുംബൈ: മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ വാര്‍ഷിക റാലി നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശിവസേന ഹൈക്കോടതിയില്‍. ശിവസേന നേതാവ് അനില്‍ ദേശായിയാണ് ഹരജി സമര്‍പ്പിച്ചത്. അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ആര്‍ ഡി ധനുക അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്. റാലി നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആഗസ്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പൗരസമിതി ഇതുവരെ തീരുമാനമെടുക്കാത്തതാണ് ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് ഹരജിയില്‍ പറയുന്നു.
റാലിക്ക് അനുമതി നല്‍കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വാദം കേള്‍ക്കുന്നത് കോടതി വ്യഴാഴ്ചയിലേക്ക് മാറ്റി. 1966 മുതല്‍ എല്ലാ വര്‍ഷവും ശിവാജി പാര്‍ക്കില്‍ ശിവസേന ദസറ റാലി നടത്തുന്നുണ്ടെന്നും പൗരസമിതി അതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.