
പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയില്‍. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയില്‍നിന്നാണ് പിടികൂടിയത്. ചെന്താമരയ്ക്ക് വേണ്ടി ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജനങ്ങളില്‍ നിന്ന് സുരക്ഷിതമായി നെന്മാറ പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ സമയത്ത് ചെന്താമര അവശനിലയിലായിരുന്നു. അതുകൊണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടനെ ആശുപത്രിയിലേക്ക് മാറ്റും.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.